കോഴിക്കോട്: കോഴിക്കോട് കാക്കൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ അടക്കം മൂന്ന് പോലീസുകാർക്ക് മദ്യപസംഘത്തിന്റെ മർദ്ദനം. കാക്കൂർ പെരുംപൊയിലിൽ ക്രിസ്മസ് കരോൾ സംഘം ചമഞ്ഞ് വാഹനയാത്രക്കാരിൽ നിന്ന് പണം വാങ്ങിയത് ചോദ്യം ചെയ്തപ്പോഴാണ് യുവാക്കൾ ആക്രമിച്ചത്. പോലീസ് വാഹനവും പ്രതികൾ അടിച്ച് തകർത്തു. കോഴിക്കോട് ബാലുശ്ശേരി റൂട്ടിൽ കാക്കൂർ പെരുംപൊയിലിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്. ക്രിസ്മസ് കരോൾ സംഘം ചമഞ്ഞ് പ്രതികൾ എട്ടേരണ്ട് ജംഗ്ഷനിൽ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരിൽ നിന്നും നിർബന്ധിച്ചും അല്ലാതെയും പിരിവെടുത്തു. ഓരോ വാഹനവും തടഞ്ഞ് പണപ്പിരിവ് തടത്തിയതോടെ സ്ഥലത്ത് ഗതാഗതക്കുരുക്കുമുണ്ടായതിനെ തുടർന്ന് നാട്ടുകാർ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ കാക്കൂർ എസ്ഐ അബ്ദുൾ സലാമും രണ്ട് പോലീസുകാരും സ്ഥലത്തെത്തി ഇവരെ തടഞ്ഞതോടെ വാക്കുതർക്കമായി. യുവാക്കളെ സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചപ്പോഴാണ് പ്രതികൾ പോലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനം അടിച്ചുതർക്കുകയും ചെയ്തത്.
മർദ്ദനമേറ്റ എസ്ഐ അബ്ദുൾ സലാം, പോലീസുകാരായ രജീഷ്,ബിജു എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. കേസിൽ ചേളന്നൂർ സ്വദേശികളായ സുബിൻ, ബിജീഷ്, അതുൽ, വെസ്റ്റ് ഹിൽ സ്വദേശി അജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം വരുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കേസ് രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്നും അന്വേഷണം തുടരുന്നതായും കാക്കൂർ പോലീസ് അറിയിച്ചു.