ബെംഗളൂരു : കർണാടകയിൽ മതപരിവർത്തന ബില്ലുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ മറ്റൊരു ക്രിസ്ത്യൻ പള്ളിക്ക് നേരെയും ആക്രമണം. ദക്ഷിണ കർണാടകത്തിലെ ചിക്കബല്ലാപുരയിലെ സെന്റ് ജോസഫ് പള്ളിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 160 വർഷം പഴക്കമുള്ള പള്ളിയിലെ സെന്റ് ആന്റണിയുടെ രൂപം ഭാഗികമായി തകർക്കപ്പെട്ടു. പുലർച്ചെ 5.35 ഓടെയാണ് പള്ളി ആക്രമിക്കപ്പെട്ടതെന്ന് കരുതുന്നതായി പള്ളി വികാരി ഫാദർ ജോസഫ് ആന്റണി പറഞ്ഞു. ആദ്യമായാണ് ഇത്തരത്തിലുള്ള സംഭവം ഈ പ്രദേശത്ത് ഉണ്ടാകുന്നതെന്നും ഫാദർ ജോസഫ് ആന്റണി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടിരുന്നു. നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള ബിൽ സംസ്ഥാന നിയമസഭ ചർച്ചചെയ്യുകയാണ്. സംസ്ഥാനത്ത് വ്യാപകമായുള്ള നിർബന്ധിത മതപരിവർത്തനം തടയുന്നതിനാണ് ബില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ ബിൽ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വെക്കുന്നതാണെന്നും ന്യൂനപക്ഷ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നുമാണ് ബില്ലിനെ എതിർക്കുന്നവരുടെ പക്ഷം.