ആറ്റുകാൽ ക്ഷേത്രത്തിൽ കുംഭത്തിലെ കാർത്തിക നാളിലാണ് പൊങ്കാല ഉത്സവം ആരംഭിക്കുന്നത്. പൂരം നക്ഷത്രവും പൗർണ്ണമിയും ഒത്തു ചേരുന്ന ദിവസമാണ് പൊങ്കാല ഇടുക. ഉത്രം നാളിൽ ഉൽസവം അവസാനിക്കും. ഇവിടെ ഏറ്റവും അധികം ഭക്തർ എത്തിച്ചേരുന്ന ദിവസവമാണിത്. ദേവിയെ കാപ്പുകെട്ടി കുടി ഇരുത്തുന്നതോടെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ തോറ്റംപാട്ട് അവതരണത്തിനും തുടക്കമാകും.2024-2-25ന് രാവിലെ പത്തരയോടെ പണ്ടാര തീ കത്തിക്കും. അന്നപൂർണയെ സങ്കൽപ്പിച്ചാണ് ഭക്തർ കലത്തിൽ അരി ഇടുന്നത് സൂര്യന് അഭിമുഖമായി നിന്നു കൊണ്ടാണ് പൊങ്കാല നിവേദിക്കുന്നത്. താലപ്പൊലി, വിളക്കുകെട്ട്, പുറത്തെഴുന്നള്ളത്ത്, തട്ടനിവേദ്യം തുടങ്ങിയവയാണ് ആറ്റുകാൽ പൊങ്കാല ഉത്സവത്തിലെ പ്രധാന ചടങ്ങുകൾ.
പൊങ്കാലയിൽ പഞ്ച ഭൂതങ്ങളുടെ സംഗമമാണ് നടക്കുന്നത്. ഭൂമുഖത്തെ പ്രതീകമായ മൺകലവും ,അരിയും മറ്റുള്ള ആകാശം, വായു, ജലം, അഗ്നി എന്നിവയോട് ചേരുന്നതാണ് പൊങ്കാലയുടെ പുണ്യം എന്നാണ് വിശ്വാസം. പരമ്പരാഗതമായ അനുഷ്ഠാനങ്ങളോടെ വ്രതംഎടുത്തു മാത്രമേ പൊങ്കാല അർപ്പി ക്കാവു എന്നാണ് വിശ്വാസം.
പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോക്കണം. കൂടാതെ ദിവസവും രണ്ടുനേരം കുളിച്ച്, സസ്യാഹാരം മാത്രം കഴിക്കാം. കൂടാതെ മാനസികവും ശാരീരികവുമാ യശുദ്ധിയോടും വൃത്തിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിന് പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽ എടുക്കണം.
പൊങ്കാലയ്ക്ക് മുൻപ് ക്ഷേത്രദർശനം നടത്തുക എന്നിങ്ങനെ ആണ് ആചാരങ്ങൾ. ആഗ്രഹങ്ങൾ നിറവേറാനും സർവൈശ്വര്യങ്ങളും ഉണ്ടാവാനും പൊങ്കാല ഇടുന്നത് സഹായകരമാകും എന്നാണ് വിശ്വാസം. വഴിപാട് നേർന്ന് പ്രാർത്ഥിച്ച കാര്യം നടന്നവരാണ് അധികവും ഇവിടെ പൊങ്കാലയിടാൻ വരുന്നത്. സ്ത്രീകൾ മാത്രമാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നത്.