കൊച്ചി : നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസ് പ്രതിയും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ എം.ശിവശങ്കര്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെ ആത്മകഥയെഴുതിയതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിന്റെ പഴ്‌സനല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് (ഡിഒപിടി) അന്വേഷണം തുടങ്ങി. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന്റെയും വിശ്വാസ്യത കളങ്കപ്പെടുത്തുന്ന തരത്തില്‍ വസ്തുതാവിരുദ്ധമായ പ്രസ്താവന അടങ്ങുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പോക്‌സോ കേസ് പ്രതിയായ സഹതടവുകാരനെയും ജയില്‍ ചട്ടം ലംഘിച്ചു സഹായം ചെയ്ത ജയില്‍ ഉദ്യോഗസ്ഥനെയും വാനോളം പ്രശംസിക്കുന്ന ശിവശങ്കറിന്റെ പുസ്തകം, കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായ ഇന്ത്യയുടെ അഡീഷനല്‍ സോളിസിറ്റര്‍ ജനറലിനെ ‘കോടതിയോടു നുണപറയുന്ന സര്‍ക്കാര്‍ വക്കീല്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇതു ഗുരുതര അച്ചടക്ക ലംഘനവും അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതിവിധികളുടെ പവിത്രത ചോദ്യം ചെയ്യുന്നതുമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്തു കേസുകളില്‍ ശിവശങ്കറിനെതിരെ അന്വേഷണം നടത്തുന്ന കസ്റ്റംസ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം പുസ്തകത്തിലുണ്ട്. സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ രാജ്യത്തെ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കര്‍ അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ ആരംഭിക്കാത്ത കേസുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശം ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍സിന്റെയും പെരുമാറ്റ ചട്ടം 7, 9, 17 എന്നിവയുടെയും ലംഘനമാണെന്ന നിഗമനമാണു കേന്ദ്ര മന്ത്രാലയത്തിനുള്ളത്.
കേരള മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിപദം വഹിച്ചിരുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം വഷളാക്കുന്ന പ്രവര്‍ത്തനമാണു എം.ശിവശങ്കര്‍ കേസുകളില്‍ പ്രതിയാകുന്നതിനു മുന്‍പും, അതിനു ശേഷവും നടത്തുന്നതെന്ന ഗുരുതരമായ പരാമര്‍ശം ഐബി റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. കേസില്‍ പ്രതിയായി സസ്‌പെന്‍ഷനിലായ ശിവശങ്കര്‍ സര്‍വീസില്‍ തിരിച്ചെത്തിയ ഉടന്‍ വിചാരണ പൂര്‍ത്തിയാക്കാത്ത കേസുകളുമായി നേരിട്ടു ബന്ധപ്പെട്ട വിവരങ്ങള്‍, വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളും തെറ്റിധാരണയുണ്ടാക്കുന്ന അഭിപ്രായങ്ങളും സഹിതം പ്രസിദ്ധീകരിച്ചതു സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കാതെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രാഥമിക അന്വേഷണത്തിനു ശേഷം കേന്ദ്രമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്റെയും എം.ശിവശങ്കറിന്റെയും വിശദീകരണം തേടും.