മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. ഭൂരിഭാഗം മനുഷ്യശരീരങ്ങളിലും രണ്ട് വൃക്കകളാണുള്ളത്. രക്തശുദ്ധീകരണം, ചുവപ്പ് രക്താണുക്കളുടെ ഉത്പാദനം, ധാതുലവണ നിയന്ത്രണം, രക്തസമ്മര്‍ദ നിയന്ത്രണം തുടങ്ങിയവയാണ് വൃക്കകളുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പല കാരണങ്ങള്‍ കൊണ്ടും വൃക്കകള്‍ പണിമുടക്കാം. വൃക്കരോഗത്തിന്‍റെ പ്രാരംഭത്തിൽ സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമായെന്ന് വരില്ല. എന്നാല്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ചില ജീവിതശൈലി മാറ്റങ്ങള്‍ വഴി വൃക്ക രോഗത്തെ നിയന്ത്രിക്കാനാകും.
വൃക്കയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ ചിലപ്പോൾ കാലിൽ നീര്, അല്ലെങ്കില്‍ കൈകളിലും കണ്ണിന് താഴെയും മുഖത്തുമൊക്കെ നീര് വയ്ക്കാന്‍ സാധ്യത ഉണ്ട്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വേണ്ട പരിശോധനകള്‍ എടുക്കാവുന്നതാണ്. മൂത്രം പതച്ചുപൊങ്ങൽ, ഇരുണ്ട നിറത്തിലെ മൂത്രം, മൂത്രക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാം. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്നതും മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നതും ചിലപ്പോള്‍ വൃക്ക തകരാറിലായതിന്‍റെ ലക്ഷണങ്ങളാകാം. ക്ഷീണവും തളര്‍ച്ചയും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ക്ഷീണം, തളര്‍ച്ച എന്നിവ ഉണ്ടാകാം.
വിശപ്പില്ലായ്മ, ഛര്‍ദി തുടങ്ങിയവയും ചിലപ്പോള്‍ വൃക്കയുമായി ബന്ധപ്പെട്ട് ഉണ്ടാകാം. പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയും ചിലപ്പോള്‍ വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.