കോട്ടയം: കൃത്യമായി ആസൂത്രണം ചെയ്‌ത് നടപ്പാക്കിയ റാഞ്ചൽ ഒരുമണിക്കൂറിനുള്ളിൽ പോലീസ് പൊളിച്ചു. മൂന്നു ദിവസമായി നവജാതശിശുവിനെ കൈക്കലാക്കാൻ ഡോക്ടർ വേഷത്തിൽ കറങ്ങിനടന്ന നീതു രാജിന്റെ പദ്ധതി തകർത്തത് പോലീസിന്റെ സമയോചിത ഇടപെടലാണ്. ആരുടെയെങ്കിലും കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. ബുധനാഴ്‌ച പകൽ മൂന്നിനാണ് അശ്വതി പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം ഗൈനക്കോളജി ജനറൽ വാർഡിൽ കിടന്ന അശ്വതിയുടെ കുഞ്ഞ് നീതുവിന്റെ കണ്ണിൽപെട്ടു. ഡോക്ടറുടെ കുപ്പായമണിഞ്ഞ് നീതു മൂന്നു ദിവസമായി ആശുപത്രിയിൽ കറങ്ങിത്തിരിഞ്ഞു. ആശുപത്രിക്ക് അടുത്തുള്ള ഹോട്ടൽ ഫ്‌ളോറൽ പാർക്കിൽ വൻതുക വാടകകൊടുത്ത് മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ. പകൽ ഏറിയസമയവും വാർഡിലെത്തി വാർഡിൽ കഴിയുന്ന അമ്മമാരെയെും കൂട്ടിരിപ്പുകാരെയും സൂക്ഷ്‌മമായി നിരീക്ഷിക്കുമായിരുന്നു. കാഴ്‌ചയിൽ നല്ല ചുറുചുറുക്കുള്ള നീതുവിനെ കൂട്ടിരിപ്പുകാരിൽ ചിലർ ശ്രദ്ധിച്ചിരുന്നു.