തിരുവനന്തപുരം: പേട്ടയില്‍ തട്ടികൊണ്ടുപോയ സംഭവത്തിലെ കുഞ്ഞിനെ ശിശു ക്ഷേമ സമിതിയിലേക്ക് മാറ്റി. നാടോടി സംഘത്തിനൊപ്പമുള്ള മറ്റ് മൂന്ന് കുട്ടികൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. കുഞ്ഞിന്റെ സുരക്ഷയും കേസിന്റെ അന്വേഷണവും പരിഗണിച്ചാണ് ശിശു ക്ഷേമ സമിതിയിലേക്ക് മാറ്റിയത്. നേരത്തേ കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റാന്‍ മാതാപിതാക്കള്‍ അനുവദിച്ചിരുന്നില്ല. ഇതിനിടെ, നാളെ കുഞ്ഞിനെ കാണിക്കാമെന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ്. തൈക്കാട് ശിശുക്ഷേമ സമിതിയിലേക്കാണ് കുട്ടിയെ മാറ്റിയത്.
19 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ചൊവാഴ്ച കുഞ്ഞിനെ കണ്ടെത്തിയത്. തേൻ വിൽപനക്കായി കേരളത്തിലെത്തിയ ബിഹാർ സ്വദേശികളുടെ കുട്ടിയെയാണു മണിക്കൂറുകളോളം കാണാതായത്. ചാക്കയിലെ റോഡരികിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങിക്കിടക്കുമ്പോൾ ഞായറാഴ്ച അർധരാത്രി കുഞ്ഞിനെ കാണാതായി. പകൽ മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാത്രി ഏഴരയോടെ 500 മീറ്റർ അകലെയുള്ള ഓടയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ തിരോധാനത്തിനു പിന്നിലെ കാരണം കണ്ടെത്താനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുമ്പോഴാണ് സമീപവാസിയുടെ വെളിപ്പെടുത്തൽ. കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിന് അടുത്തായി 15-16 വയസ്സു തോന്നിക്കുന്ന മൂന്നു ആൺകുട്ടികൾ സിഗരറ്റ് വലിക്കുന്നത് കണ്ടെന്നാണ് ചാക്ക സ്വദേശി പറയുന്നത്. പൊലീസ് ഇക്കാര്യം പരിശോധിക്കുന്നുണ്ട്. സ്ഥലവാസികളല്ലാത്ത കുട്ടികൾ പാലത്തിനടുത്ത് ഇരിക്കുകയായിരുന്നു. പഴയ പാന്റ്സും ഷർട്ടുമായിരുന്നു വേഷം. ഇതര സംസ്ഥാനക്കാരാണെന്നും മുടി വളർത്തിയവരാണെന്നുമാണ് മൊഴി.
നഗരമധ്യത്തിൽ, തന്ത്രപ്രധാന മേഖലയിൽ കുട്ടിയെ മണിക്കൂറുകളോളം കാണാതായിട്ടും കാരണം കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നതിൽ വിമർശനമുയർന്നു. ആരോ തട്ടിയെടുത്തശേഷം ഉപേക്ഷിച്ചതോ കുട്ടി ഒറ്റയ്ക്കു സഞ്ചരിച്ചതോ ആകാമെന്നാണു പൊലീസ് പറയുന്നത്. തട്ടിയെടുത്തെന്ന സംശയത്തിൽ പ്രദേശത്തെ സി.സി ടി.വികളെല്ലാം പൊലീസ് പരിശോധിച്ചെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല.
ഞായറാഴ്ച 12 നുശേഷം കുട്ടിയെ കാണാതായെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. ഒരു സ്കൂട്ടറിൽ കുട്ടിയെ കൊണ്ടുപോയതായി സഹോദരന്റെ മൊഴിയുണ്ട്. സി.സി ടി.വിയിൽ ഇത്തരമൊരു സ്കൂട്ടറിന്റെ ദൃശ്യം കണ്ടെത്താനായില്ല. സ്ഥലത്തിന്റെ പ്രത്യേകത അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ബ്രഹ്മോസ് കേന്ദ്രത്തിനു തൊട്ടടുത്തുള്ള മൈതാനത്താണ് ഇതരസംസ്ഥാന തൊഴിലാളികളുടെ കുടുംബം താമസിക്കുന്നത്.