അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിനായകൻ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ബാല. മരിച്ചുപോയ ഒരാൾ നല്ല രീതിയില്‍ ദൈവത്തിന്റെ അടുത്ത് പോകണമെന്നാണ് പ്രാർത്ഥിക്കേണ്ടതെന്നും അവർ ചെയ്ത നന്മകളെ കുറിച്ച് ഓർക്കണമെന്നും ബാല പറഞ്ഞു. ‘ഒരാള്‍ മരിച്ചാല്‍, അയാള്‍ നല്ലവനായിക്കോട്ടെ മോശപ്പെട്ടയാൾ ആയിക്കോട്ടെ ആരായാലും ശരി, അവര്‍ നല്ല രീതിയില്‍ ദൈവത്തിന്റെ അടുത്ത് പോകണമെന്നാണ് പ്രാർത്ഥിക്കേണ്ടത്. ഉമ്മന്‍ചാണ്ടി സാറുമായി എനിക്ക് വ്യക്തിപരമായി ബന്ധമുണ്ടായിരുന്നു. അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കുന്ന സമയം. അന്ന് അദ്ദേഹത്തിന്റെ കാലിന് എന്തോ കുഴപ്പമുള്ള സമയമാണ്. അദ്ദേഹത്തെ കാണണം എന്ന ആഗ്രഹം പറഞ്ഞു. അനുമതി തന്നു. ഞാന്‍ ചെല്ലുമ്പോള്‍ സാറ് കാല്‍ ഒരു സ്റ്റൂളില്‍ കയറ്റിവച്ച് ഇരിക്കുകയാണ്. എന്നെ കണ്ടപ്പോള്‍ കാല് താഴ്ത്തിയിട്ട് എന്നെ സ്വീകരിച്ചു. എന്നെ കെട്ടിപ്പിടിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു. സാര്‍ ഞാന്‍ ഹിറ്റ്ലിസ്റ്റ് എന്ന സിനിമ നിര്‍മിച്ച് സംവിധാനം ചെയ്യുന്നുണ്ട്. അതിന്റെ ഓഡിയോ ലോഞ്ചിന് സാർ വരണമെന്ന് പറഞ്ഞു. അദ്ദേഹം ഉറപ്പായും വരാമെന്ന് പറഞ്ഞു. വരികയും ചെയ്തു. എന്റെ അച്ഛനെ പോലെയാണ് അദ്ദേഹവും. എപ്പോഴും മരിച്ചവർ ചെയ്ത നന്മയെ ഓർക്കുക. പ്രാർത്ഥിക്കുക’, എന്നാണ് ബാല പറഞ്ഞത്.