തിരുവനന്തപുരം : വിഴിഞ്ഞത്ത് നാലാം ദിവസത്തേക്ക് കടന്ന മത്സ്യത്തൊഴിലാളികളുടെ സമരം സംഘർഷഭരിതം. തുറമുഖ പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ മാർച്ച് സംഘർഷ ഭരിതമായി. ബാരിക്കേഡുകൾ മറിച്ചിട്ട് മുന്നോട്ട് പോയ മത്സ്യത്തൊഴിലാളികളെ പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചു. വിഴിഞ്ഞത്തെ തുറമുഖ സമരത്തിൽ സർക്കാർ ഇന്ന് ചർച്ച നടത്താനിരിക്കെയാണ് സമരം ശക്തമാക്കിയത്. തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്നതടക്കമുള്ള തങ്ങളുടെ ആവശ്യങ്ങളിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് സമരക്കാർ ആവർത്തിച്ചു. ഒരു ഘട്ടത്തിൽ പൊലീസിനെതിരെയും സമരക്കാർ മുദ്രാവാക്യം വിളിച്ചു. എന്നാൽ സംയമന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. പള്ളം ലൂർദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നൽകുന്നത്.