കോഴിക്കോട്: റെയില്‍വേയിലെ മലയാളി ബാസ്‌കറ്റ് ബോള്‍ താരം കെ.സി. ലിതാര (22) ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പരിശീലകൻ രവി സിങ്ങിനെതിരെ കടുത്ത ആരോപണവുമായി ബന്ധുക്കള്‍. പരിശീലകനെതിരെ പട്‌ന രാജീവ്‌നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. ലിതാരയുടെ ആത്മഹത്യയിലേക്കു നയിച്ചത് പരിശീലകനിൽ നിന്നുള്ള മാനസിക പീഡനമാണെന്നു ബന്ധുക്കള്‍ പറഞ്ഞു.
മാര്‍ച്ചില്‍ കൊല്‍ക്കത്തയില്‍ നടന്ന ക്യാംപിനിടെ പരിശീലകൻ കയ്യിൽ കയറി പിടിച്ചതിനെ തുടര്‍ന്ന് ലിതാര പ്രതികരിക്കുകയും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനു പിന്നാലെ രവി സിങ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കി. തിങ്കളാഴ്ച ഇക്കാര്യം അറിഞ്ഞതിനു ശേഷം ലിതാര കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ബുദ്ധിമുട്ടുകൾ ലിതാര ബെംഗളൂരുവിലെ സുഹൃത്തിനെ അറിയിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
വടകര വട്ടോളി കത്യപ്പന്‍ചാലില്‍ കരുണന്റെയും ലളിതയുടെയും മകളായ ലിതാരയെ പട്‌ന ഗാന്ധിനഗറിലെ ഫ്ലാറ്റിലാണു കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടത്. പരിശീലകൻ രവി സിങ് തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി ലിതാര വീട്ടുകാരോടും സഹപ്രവര്‍ത്തകരോടും പറഞ്ഞിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനും കെ.മുരളീധരന്‍ എംപിക്കും പരാതി നല്‍കിയിട്ടുണ്ട്.
ഒന്നര വര്‍ഷം മുമ്പാണ് ലിതാരയ്ക്ക് ബിഹാറില്‍ റെയില്‍വേയില്‍ ജോലി ലഭിച്ചത്. കഴിഞ്ഞ 6 മാസമായി പട്‌ന ദാനാപുരിലെ ഡിആര്‍എം ഓഫിസില്‍ ജോലി ചെയ്യുകയായിരുന്നു. കോഴിക്കോട്ടുനിന്നു വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്നു ഫ്ലാറ്റ് ഉടമയെ വിവരം അറിയിച്ചു. ഫ്ലാറ്റ് ഉള്ളില്‍നിന്നു പൂട്ടിയിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് ലിതാരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ബന്ധുക്കള്‍ എത്തിയ ശേഷമേ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പാടുള്ളൂവെന്ന് അറിയിച്ചിരുന്നെങ്കിലും ലിതാരയുടെ അമ്മാവന്‍ രാജീവന്‍ എത്തിയപ്പോഴേക്കും പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞിരുന്നു.