മോസ്കോ∙ 2022ലെ സമാധാന നൊബേൽ ജേതാവ് ആലെസ് ബിയാലിസ്റ്റ്സ്കിക്ക് 10 വർഷം തടവുശിക്ഷ. ബെലാറൂസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സർക്കാരിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് ധനസഹായം നൽകിയെന്നാണ് കുറ്റം. ആലെസിനെയും മറ്റ് ആക്ടിവിസ്റ്റുകളെയും അന്യായമായി ശിക്ഷിക്കുകയാണെന്ന് നാടുകടത്തപ്പെട്ട ബെലാറൂസ് പ്രതിപക്ഷ നേതാവ് വിയറ്റ്‌ലാന സിഖനൂസ്കയ പറഞ്ഞു.യൂറോപ്യൻ രാജ്യമായ െബലാറൂസിലെ പ്രശസ്ത അവകാശ സംരക്ഷണ പ്രവർത്തകനായ ആലെസ് ബിയാലിസ്റ്റ്സ്ക് (60) രണ്ടു വർഷമായി ജയിലിലാണ്. ബെലറൂസുകാരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി അദ്ദേഹം 1996ൽ ‘വിയസ്ന’ എന്ന സംഘടന സ്ഥാപിച്ചു. തെരുവിൽ നടക്കുന്ന പ്രതിഷേധങ്ങൾ സ്വേച്ഛാധിപതിയായ അലക്സാണ്ടർ ലുകാഷെങ്കോ അടിച്ചമർത്തിയതിനെ തുടർന്നാണ് അദ്ദേഹം സംഘടന രൂപീകരിച്ചത്.
യുദ്ധഭൂമിയിലടക്കം മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ കണക്കിലെടുത്താണ് ആലെസിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകിയത്. റഷ്യന്‍ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയലും യുക്രൈനിയന്‍ മനുഷ്യാവകാശ സംഘടനയായ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിനും പുരസ്കാരം പങ്കിട്ടിരുന്നു. സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടി എങ്ങനെയാണ് സിവിൽ സൊസൈറ്റി പ്രവർത്തിക്കേണ്ടതെന്ന് ഇവർ കാണിച്ചുതന്നു എന്നാണ് പുരസ്കാരം പ്രഖ്യാപിച്ച ശേഷം നൊബേൽ കമ്മിറ്റി പറഞ്ഞത്. ആലെസിനെ ജയിൽമോചിതനാക്കാൻ നോർവീജിയൻ നൊബേൽ കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തിരുന്നു.