തിരുവനന്തപുരം : കുറഞ്ഞ നിരക്കിലുള്ള മദ്യം ലഭിക്കാതെ വന്നതോടെ ഉയർന്ന വിലയിലെ മദ്യവിൽപ്പന കൂടിയത് ബെവ്കോയ്ക്ക് നേട്ടമായി. കഴിഞ്ഞ മാസം 440 കോടിയുടെ അധിക വരുമാനം ബെവ്കോക്ക് ലഭിച്ചു. 1600 കോടിയാണ് കഴിഞ്ഞ മാസത്തെ ബെവ്കോയുടെ വിറ്റുവരവ്. മദ്യവിതരണം നിർത്തിയ കമ്പനികൾക്കെതിരെ ബെവ്കോ നടപടി സ്വീകരിച്ചിട്ടുണ്ട്. നാലു കമ്പനികൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കമ്പനികൾ കരാർ ലംഘിച്ചുവെന്ന് ബെവ്കോ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 9 ലക്ഷം കെയ്സ് മദ്യത്തിന്റെ കുറവ് വരുത്തി. കുറഞ്ഞ നിരക്കിലെ മദ്യ വിതരണമാണ് നിർത്തിയത്. ബെവ്കോ ഔട്ട് ലെറ്റുകളിലെ പ്രതിസന്ധിക്കു കാരണം കമ്പനികളാണെന്നും ബെവ്കോ പറയുന്നു.
അതിനിടെ, ജവാൻ റമ്മിന്റെ വില വർദ്ധിപ്പിക്കണമെന്ന് ബെവ്കോയുടെ ശുപാര്‍ശ. വില 10 % കൂട്ടണമെന്നാണ് ബെവ്കോ എം ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇപ്പോൾ ലിറ്ററിന് 600 രൂപയാണ് വില. സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വർദ്ധന ആവശ്യപ്പെട്ട് ബെവ്കോ സർക്കാരിന് ശുപാർശ നൽകിയത്. സർക്കാർ ഉടമസ്ഥതയിലുളള മദ്യമാണ് ജവാൻ.