കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റിെൻറ പ്രചാരണാർഥം സൈക്കിൾ റാലി നടത്തി. ബേപ്പൂർ തുറമുഖത്ത് സബ് കലക്ടർ ചെൽസ സിനി ഫ്ലാഗ്ഓഫ് ചെയ്ത റാലി പൈതൃക കേന്ദ്രങ്ങൾ ചുറ്റി കോഴിക്കോട് ബീച്ചിൽ സമാപിച്ചു. സമാപന സമ്മേളനം മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ചും സൗത്ത് ജില്ല ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കേരള സൈക്കിൾ ടൂർ സംഘത്തോടൊപ്പം കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബ്, എം.എ.എം. മാനേജ്മെൻറ്, സ്റ്റുഡൻറ്സ് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച ഹെറിറ്റേജ് റൈഡ് മിശ്കാൽ പള്ളി, തളി ക്ഷേത്രം, ജൈന ക്ഷേത്രം, മിഠായിത്തെരുവ്, ഗുജറാത്തി സ്ട്രീറ്റ് തുടങ്ങിയ പൈതൃക കേന്ദ്രങ്ങൾ സന്ദർശിച്ചാണ് സമാപന വേദിയിൽ എത്തിയത്. ബീച്ച് പരിസരത്ത് ജെ.ഡി.ടി ഇസ്ലാം ഹയർ സെക്കൻഡറി ക്രയോൺസ് ആർട്സ് ക്ലബ് ഒരുക്കിയ ‘മ്മിണി ബല്യ ബേപ്പൂർ’ ചിത്രവരയും ബേപ്പൂരിെൻറ വിവിധ കാഴ്ചകളുടെ ജലച്ചായ ആവിഷ്കാരവും കാണികളുടെ മനം കവർന്നു. ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ഒരുക്കിയ വിവിധ തരം ചായകളുടെ ‘ടീ ട്രീറ്റ്’ പുതിയ അനുഭവമായി. സമാപന സമ്മേളനത്തിൽ ഗ്രാൻഡ് സൈക്കിൾ ചലഞ്ച് ചെയർമാൻ ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, കെ.ടി.എ. നാസർ, ഡോ. അൻവർ അമീൻ, ഡോ. ഹബീബ്, എൻ.സി. അബൂബക്കർ, ഫൈസൽ, ഷഫീഖ് , ശ്രീജിത്ത്, മജീദ് പുളിക്കൽ, സാജിദ് ചോല എന്നിവർ സംസാരിച്ചു.