കൊല്ലം : ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവരുന്ന ആറംഗ സംഘം കായംകുളം പോലീസിന്റെ പിടിയിലായി. കൊല്ലം ഇരവിപുരം വാളത്തുംഗല്‍ മുതിര അയ്യത്ത് വടക്കതില്‍ സെയ്ദാലി (21), കൊല്ലം തട്ടാമല ഫാത്തിമ മന്‍സിലില്‍ മാഹീന്‍ (20), ഇരവിപുരം കൂട്ടിക്കട അല്‍ത്താഫ് മന്‍സിലില്‍ അച്ചു എന്നു വിളിക്കുന്ന അസറുദ്ദീന്‍ (21), കൊല്ലം മുളവന വില്ലേജില്‍ കുണ്ടറ ആശുപത്രി ജംഗ്ഷന് സമീപം ഫര്‍സാന മന്‍സിലില്‍ യാസിന്‍ എന്ന് വിളിക്കുന്ന ഫര്‍ജാസ് (19), കൊല്ലം മയ്യനാട് അലി ഹൗസില്‍ മുഹമ്മദ് ഷാന്‍ (25), കൊല്ലം കോര്‍പറേഷന്‍ മണക്കാട് വടക്കേവിള തൊടിയില്‍ വീട്ടില്‍ മുഹമ്മദ് തൗഫീഖ് (18) എന്നിവരാണ് അറസ്റ്റിലായത്.
ഇടതുവശത്തു കൂടി ബൈക്കില്‍ ചെന്ന് ഇരുചക്ര വാഹന യാത്രക്കാരുടെ പുറത്ത് അടിച്ച ശേഷം പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് അമിത വേഗതയില്‍ കടന്നു കളയുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ദേശീയ പാതയില്‍ കായംകുളം മുക്കടയ്ക്ക് തെക്ക് വശം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പോലീസുകാരനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലും സമാനരീതിയില്‍ കരീലക്കുളങ്ങരയിലും കൊല്ലം ശക്തികുളങ്ങരയിലും ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയ കേസുകളിലും പ്രതികളാണിവര്‍.