കോഴിക്കോട്: പോലീസിനെതിരെ ആക്ഷേപവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തനിക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്നും ഇന്നലെ ഓട്ടോറിക്ഷ ഇടിപ്പിച്ച് തനിക്കെതിരെ നടന്നത് സംഘപരിവാർ ആക്രമണമാണെന്ന് സംശയിക്കുന്നതായും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമല തീർത്ഥാടനകാലത്ത് തനിക്കെതിരെ ആക്രമണങ്ങൾ കൂടുന്ന നിലയുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു. അതേസമയം ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തിൽ വധശ്രമത്തിന് കൊയിലാണ്ടി പോലീസ് കേസെടുത്തു. ശബരിമലയിൽ ദർശനം നടത്തിയ വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ കഴിഞ്ഞ ദിവസമാണ് ഓട്ടോ ഇടിച്ചു പരിക്കേൽപിച്ചത്. കൊയിലാണ്ടി പൊയിൽകാവിൽ വച്ച് ഇന്നലെ രാത്രിയായിരുന്നു സംഭവം. തലയ്ക്ക് പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനപൂർവ്വം ഇടിച്ചു വീഴ്ത്തിയ ശേഷം ഓട്ടോ കടന്നു കളഞ്ഞതായി ബിന്ദുവിന്റെ ഭർത്താവ് പറഞ്ഞു.
എനിക്കെതിരെ നടന്നത് സംഘപരിവാർ ആക്രമണമാണ് എന്നാണ് സംശയിക്കുന്നത്. ശബരിമല തീർത്ഥാടനകാലത്ത് മാത്രമാണ് ആക്രമണങ്ങൾ കൂടുന്നത്. എനിക്ക് സുരക്ഷ ഒരുക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശം പാലിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തിൽ പോലീസിന് വീഴ്ചപറ്റി – ബിന്ദു അമ്മിണി പറഞ്ഞു. ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ നേരത്തെ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. കോഴിക്കോട് – കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയായിരുന്നു കേസ്. പൊയിൽക്കാവ് നിന്നും വെസ്റ്റ്ഹില്ലിലേക്ക് യാത്ര ചെയ്യുമ്പോൾ ബസ് ഡ്രൈവർ അസഭ്യം പറഞ്ഞെന്നായിരുന്നു ബിന്ദു അമ്മിണിയുടെ പരാതി.