ലാഹോര്‍: വനിതാ പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങൾക്ക് അവസരം ലഭിക്കാത്തത് നിർഭാഗ്യകരമെന്ന് പാകിസ്ഥാൻ മുൻ ക്യാപ്റ്റനും കമന്‍റേറ്ററുമായ ഉറൂജ് മുംതാസ്. പാകിസ്ഥാനിൽ വനിതകൾക്ക് ആഭ്യന്തര ക്രിക്കറ്റിൽ അവസരങ്ങൾ കുറവാണ്. താരങ്ങളുടെ തെരഞ്ഞെടുപ്പ് സുതാരമാകണമായിരുന്നെന്നും ഉറൂജ് പറഞ്ഞു. പാകിസ്ഥാൻ താരങ്ങളെ ഐപിഎല്ലിലെന്ന പോലെ വനിതാ പ്രീമിയർ ലീഗിലും പരിഗണിച്ചിരുന്നില്ല. എന്നാല്‍ അവസരം ലഭിച്ചാൽ എവിടെയും കളിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ വനിതാ ടി20 ക്യാപ്റ്റന്‍ ബിസ്‌മ മറൂഫ് വ്യക്തമാക്കി.
2008ൽ ഐപിഎല്ലിന്‍റെ തുടക്കത്തിൽ പാകിസ്ഥാൻ താരങ്ങളും ഇന്ത്യയിൽ കളിച്ചിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ ഐപിഎല്ലില്‍ പാക് താരങ്ങളെ ഉള്‍പ്പെടുത്തിയിരുന്നില്ല. സമാനമായി പ്രഥമ വനിതാ പ്രീമിയര്‍ ലീഗിലും പാകിസ്ഥാന്‍ താരങ്ങള്‍ക്ക് കളിക്കാന്‍ ബിസിസിഐയുടെ അനുമതിയില്ല. പത്ത് വർഷമായി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പരമ്പരകൾ കളിക്കാറുമില്ല.
മാര്‍ച്ച് നാലിനാണ് വനിതാ ഐപിഎല്‍ അഥവാ വനിതാ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത്. മാര്‍ച്ച് 26ന് അവസാനിക്കുന്ന രീതിയിലാണ് ടൂര്‍ണമെന്‍റ് ക്രമീകരിച്ചിട്ടുള്ളത്. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയം, ഡിവൈ പാട്ടീല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരം നടക്കുക.
വനിതാ ട്വന്‍റി 20 ലോകകപ്പ് അവസാനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വനിതാ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 26നാണ് ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് അവസാനിക്കുക. ഫ്രാഞ്ചൈസി ലേലവും താരലേലലും മീഡിയ റൈറ്റ്‌സ് ലേലം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആകെ 4669.99 കോടിക്കാണ് അഞ്ച് ടീമുകള്‍ ലേലത്തില്‍ വിറ്റുപോയത്. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ദില്ലി, ലഖ്‌നൗ എന്നീ നഗരങ്ങളാണ് അഞ്ച് ടീമുകളെ സ്വന്തമാക്കിയത്. പുരുഷ ഐപിഎല്ലിലെ ടീമുടമകളായ മുംബൈ ഇന്ത്യന്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമൊപ്പം അദാനി ഗ്രൂപ്പും കാപ്രി ഗ്ലോബലുമാണ് ടീമുകളെ സ്വന്തമാക്കിയത്.