വാഷിങ്ടൺ: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ച അനുമാനം വെട്ടിക്കുറച്ച് ലോകബാങ്ക്. 2023-24 സാമ്പത്തിക വർഷം 6.3 ശതമാനം വളർച്ചയാണ് പ്രവചിക്കുന്നത്. 6.6 ശതമാനം വളർച്ചനേടുമെന്നായിരുന്നു നേരത്തെയുള്ള അനുമാനം.
മന്ദഗതിയിലുള്ള ഉപഭോഗ വളർച്ചയും ആഭ്യന്തര വെല്ലുവിളികളുമാണ് തിരിച്ചടിയായത്. ഉയർന്ന കടമെടുപ്പും വരുമാന വളർച്ച മന്ദഗതിയിലായതും ഉപഭോഗം കുറഞ്ഞതുമാണ് രാജ്യത്തിന്റെ ജി.ഡി.പി വളർച്ചനിരക്കിൽ മാറ്റംവരുത്താൻ കാരണമായതെന്ന് ലോകബാങ്ക് ചൊവ്വാഴ്ച പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും വാർഷിക യോഗത്തിന് മുന്നോടിയായാണ് റിപ്പോർട്ട് പുറത്തിറക്കിയത്. ദക്ഷിണേഷ്യയിലെ മറ്റു പല രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചമാണെന്നും ലോക ബാങ്ക് ദക്ഷിണേഷ്യ സാമ്പത്തിക മേധാവി ഹാൻസ് ടിമ്മർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിലെ ബാങ്കുകൾ മികച്ച നിലയിലാണെന്നും സ്വകാര്യ നിക്ഷേപം സമീപ വർഷങ്ങളെ അപേക്ഷിച്ച് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. സാധ്യതകളുടെ ചെറിയ ഭാഗം മാത്രമേ വിനിയോഗിക്കുന്നുള്ളൂ എന്നതാണ് ഇന്ത്യയിലെ പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ സ്ത്രീ തൊഴിൽ പങ്കാളിത്തം 20 ശതമാനത്തിൽ താഴെയായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.