അടൂർ: സമൂഹത്തിൽ വർഗീയചേരിതിരിവ് സൃഷ്ടിച്ച് നാടിന്റെ വികസനം തടസ്സപ്പെടുത്താനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. കേരളത്തിന്റെ മുന്നേറ്റങ്ങളെ എങ്ങനെ തകർക്കാം എന്നാണ് ഇവർ ആലോചിക്കുന്നത്. കൊലപാതകങ്ങൾ നടത്തി വർഗീയസംഘർഷം വ്യാപിപ്പിക്കാനാണ് ശ്രമം. എത്ര ശ്രമിച്ചാലും കേരളത്തിൽ അതിൽ അവർ വിജയിക്കില്ല. ഇടതുപക്ഷ, മതേതര മനസ്സാണ് കേരളത്തിന്റെ അടിത്തറ. അതി ശക്തമായ നിയമനടപടികളിലൂടെ ഇത്തരം ആക്രമണം സംസ്ഥാന സർക്കാർ നേരിടും. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും ഒത്തൊരുമിച്ച് കൊണ്ടുപോകുന്നതിന് ഇടതുപക്ഷം മുൻകൈയെടുക്കും.
ഏറ്റവും പ്രാകൃതമായ മൂല്യങ്ങൾ അടിച്ചേൽപ്പിക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നത്.
സാധാരണക്കാരനെ മറന്ന് അതിസമ്പന്നർക്ക് വേണ്ടിയുള്ള ഭരണമാണ് മോഡിയുടേത്. വിവിധ മേഖലയിലുള്ളവരുടെ ജീവിതപ്രശ്നങ്ങൾ ഏറ്റെടുത്ത് കരുത്തുറ്റ സമരങ്ങൾ തുടരേണ്ട കാലമാണിത്.
ബിജെപി നടത്തുന്ന സമരപാതയിലാണ് കോൺഗ്രസും. കേരളത്തിന്റെ അഭിവൃദ്ധി ഇക്കൂട്ടരെ ഭയപ്പെടുത്തുന്നു. സംഘപരിവാറിന്റെയും കോൺഗ്രസിന്റെയും പിന്തിരിപ്പൻ, ജനദ്രോഹ നയങ്ങൾക്കുള്ള ബദലാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്നത്. നാടിന്റെ വികസനത്തിന് ദൂരക്കാഴ്ചയുള്ള നയങ്ങളാണ് സർക്കാരിന്റേത്. എല്ലാ മേഖലയുടെയും വികസനം അതിലൂടെ ഉറപ്പാക്കുകയും ചെയ്യുമെന്ന് എ വിജയരാഘവൻ പറഞ്ഞു. കെഎസ്ആർടിസി കോർണറിൽ ചേർന്ന സെമിനാറിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ അധ്യക്ഷനായി.