കണ്ണൂർ: ആറളം പഞ്ചായത്തിൽ നാളെ ഹർത്താൽ. എൽഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. പത്താം ബ്ലോക്കിലെ താമസക്കാരനായ രഘുവെന്ന ആദിവാസി യുവാവാണ് ഇന്ന് ഉച്ചയോടെ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. സുഹൃത്തിനൊപ്പം ഫാമിൽ വിറക് ശേഖരിക്കുന്നതിനിടയിലായിരുന്നു കാട്ടാനയുടെ ആക്രമണം. കഴിഞ്ഞ ജനുവരിയിൽ ചെത്ത് തൊഴിലാളിയെ ഫാമിൽ വച്ച് ആന ചവിട്ടി കൊന്നിരുന്നു.
ആറളം ഫാമിലെ പത്താം ബ്ലോക്കിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടമാണ് ഫാമിലെ താമസക്കാരെ ആക്രമിച്ചത്. വിറക് ശേഖരിക്കാനെത്തിയതായിരുന്നു ആനയുടെ ചവിട്ടേറ്റ് മരിച്ച രഘുവും സംഘവും. ആനകളിൽ നിന്ന് രക്ഷപ്പെടാൻ സംഘം ഓടിയെങ്കിലും രഘു വീണ് പോകുകയായിരുന്നു. ആനക്കൂട്ടം പിന്തിരഞ്ഞതിനെ തുടർന്നാണ് സുഹൃത്തുക്കൾ രഘുവിനെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടയിൽ മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ നാട്ടുകാരും രഘുവിൻറെ ബന്ധുക്കളുമടക്കം പ്രതിഷേധിച്ചു. ഫാമിലെ താമസക്കാരുടെ ജീവൻ സംരക്ഷിക്കാൻ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു പരാതി. പ്രതിഷേധങ്ങൾക്കിടയിൽ വൻ പോലീസ് സംഘമെത്തിയാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇക്കഴിഞ്ഞ ജനുവരിയിൽ കള്ള് ചെത്താനെത്തിയ മട്ടന്നൂർ സ്വദേശി ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചിരുന്നു. അന്ന് മന്ത്രിതല സംഘമടക്കം എത്തി ആനകളെ തുരത്തിൻ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.