മുംബൈ: സാഹചര്യങ്ങളെല്ലാം അനുകൂലമായിട്ടും കസബപേട്ട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടത് വലിയ തിരിച്ചടിയായെന്ന് സംസ്ഥാനത്ത് ചർച്ചയാവുന്നു. ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബാനുവാലെ, ഉന്നത വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കസബ ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണം നടന്നത്. എന്നാൽ മുതിർന്ന നേതാക്കളെല്ലാവരും കളത്തിലിറങ്ങിയിട്ടും വലിയ പരാജയം നേരിട്ടതാണ് മഹാരാഷ്ട്ര ബിജെപിയിൽ ചർച്ചയായിരിക്കുന്നത്. പ്രതിപക്ഷത്ത് മഹാവിഘാസ് അഗാഡി സഖ്യം ശക്തമായി തുടരുന്നതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിലും 2024ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കസബ ഉപതെരഞ്ഞെടുപ്പ് പരാജയം ബിജെപിക്ക് ലഭിച്ച വലിയ തിരിച്ചടിയായിരിക്കും. ഈ തെരഞ്ഞെടുപ്പുകളിൽ പരാജയം പ്രതിഫലിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അരഡസനോളം കേന്ദ്രമന്ത്രിമാരും തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചെങ്കിലും പരാജയപ്പെട്ടത് എങ്ങനെയാണെന്ന് നിരീക്ഷിക്കുകയാണ് പാർട്ടിയും. മറ്റ് തിരക്കുകളിൽ പെട്ടതിനാൽ അമിത്ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നില്ല.
11,040 വോട്ടുകൾക്കാണ് കസ്ബയിൽ കോൺഗ്രസ് സ്ഥാനാർത്ഥി രവീന്ദ്ര ധങ്കേക്കർ വിജയിച്ചത്. 28 വർഷത്തിന് ശേഷമാണ് കോൺഗ്രസ് ഈ സീറ്റിൽ വിജയിച്ചത്. “ഇത് ജനങ്ങളുടെ വിജയമാണ്. പൂർണ്ണ ആത്മവിശ്വാസത്തിലായിരുന്നുവെന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം തൻ്റെ ആദ്യ പ്രതികരണത്തിൽ ധങ്കേക്കർ പറഞ്ഞിരുന്നു. അതേസമയം, സ്ഥാനാർത്ഥി എന്ന നിലയിൽ താൻ ഈ തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചതെന്നും, തോൽക്കാൻ കാരണമെന്നും സംഭവിച്ചതെന്നും ആത്മപരിശോധന നടത്തുമെന്നും ബിജെപി സ്ഥാനാർഥി രസാനേ പറഞ്ഞു.
നിലവിൽ പൂനെയിൽ നിന്നുള്ള ബിജെപി എംപിയായ ഗിരീഷ് ബാപത് 2019 വരെ അഞ്ച് തവണയാണ് ഇവിടെ നിന്നും വിജയിച്ചത്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, കോൺഗ്രസ്, ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ വിഭാഗം) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡിയുടെ സ്ഥാനാർത്ഥി ആയിരുന്നു രവീന്ദ്ര ധങ്കേക്കർ. ഈ സഖ്യം ശക്തമായി മഹാരാഷ്ട്രയിൽ നിലനിൽക്കുന്നുണ്ടെന്നതിന് തെളിവാണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയം.