ന്യൂഡൽഹി: നാളിതുവരെയായി തന്റെ ബി.ജെ.പി സർക്കാരുകൾ ഒരു മാധ്യമ സ്ഥാപനത്തിനും ഒരിക്കലും വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും ആരുടെയും അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം കവർന്നിട്ടില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അഭിപ്രായസ്വാതന്ത്ര്യം തടയാൻ കോൺഗ്രസ് സർക്കാർ ഭരണഘടന ഭേദഗതി ചെയ്തുവെന്ന് 1951ലെ ആർട്ടിക്കിൾ 19ന്റെ ഭേദഗതിയെ പരാമർശിച്ചുകൊണ്ട് രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.
അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്ത് വീണ്ടും ചർച്ചയായിരിക്കുകയാണ്. മാധ്യമസ്വാതന്ത്ര്യം ലംഘിക്കുന്നുവെന്ന് ആരോപിക്കുന്നവർ ബി.ജെ.പി സർക്കാരുകൾ ഒരു മാധ്യമസ്ഥാപനത്തിനും ഇതുവരെ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല എന്നത് മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനാണ് ഇത്തരം ചരിത്രമുള്ളത്. അവർ അഭിപ്രായ സ്വാതന്ത്ര്യം തടയാൻ ഭരണഘടന ഭേദഗതി കൊണ്ടുവന്നു. കണ്ണാടിക്കൂടുകളിൽ താമസിക്കുന്നവർ മറ്റുള്ളവർക്കെതിരെ കല്ലെറിയരുതെന്നും രാജ്നാഥ് സിങ് പരിഹസിച്ചു. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാമത്തെ തൂണാണെന്നും അതിന്റെ സ്വാതന്ത്ര്യം ശക്തവും ഊർജസ്വലവുമായ ജനാധിപത്യത്തിന് പ്രധാനമാണെന്നും പ്രതിരോധമന്ത്രി അടിവരയിട്ടു.