ന്യൂഡൽഹി ∙ മൂന്നു വർഷം മുൻപു നടന്ന ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പിൽ നാലിൽ നിന്നു 48 ൽ എത്തിയ മികവു മാത്രമാണു തെലങ്കാനയിൽ ഇക്കുറി ബിജെപിയുടെ ഏക പ്രതീക്ഷ. മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പു മാത്രമായിട്ടും പ്രധാനമന്ത്രി മുതൽ ഇവിടെയെത്തി തീവ്രപ്രചാരണം നടത്തിയാണു 2020 ൽ ബിജെപിയെ രണ്ടാമതെത്തിച്ചത്.
നഗരങ്ങളിലുള്ള ഈ മികവ് ഗ്രാമമേഖല ഏറെയുള്ള സംസ്ഥാനത്തുടനീളം തങ്ങൾക്കില്ലെന്നു പാർട്ടിക്കറിയാം. പ്രചാരണ കോലാഹലം ഉറപ്പാക്കാമെങ്കിലും വിജയപീഠത്തിലേക്ക് എത്തില്ല. എന്നാൽ, ശക്തിയറിയിച്ച ജിഎച്ച്എംസിയിലെ മികവുകൊണ്ട് പ്രധാനശത്രുവായ കോൺഗ്രസ് തടയിടാമെന്നാണു നേതൃത്വം കണക്കുകൂട്ടുന്നത്.
അവിഭക്ത ആന്ധ്രയായിരുന്നപ്പോഴും തെലങ്കാനയായപ്പോഴും തിരഞ്ഞെടുപ്പിൽ 7 ശതമാനത്തിലേറെ വോട്ടുനേടിയ ചരിത്രം ബിജെപിക്കില്ല. 2009 ൽ ആന്ധ്ര നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 2 സീറ്റും 5.3% വോട്ടുമായിരുന്നു ബിജെപിയുടെ സമ്പാദ്യം. തെലങ്കാന രൂപീകരണ ശേഷമുള്ള രണ്ടു തിരഞ്ഞെടുപ്പുകളിലും 7% വോട്ടു പിടിച്ചു.