സുൽത്താൻ ബത്തേരി: വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ വിതരണത്തിന് തയാറാക്കിയ ഭക്ഷ്യ കിറ്റുകൾ പിടികൂടിയ സംഭവത്തിൽ, കടയിൽ കിറ്റുകൾക്ക് ഓർഡർ കൊടുത്തത് ബി.ജെ.പി പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പ് കലാശക്കൊട്ട് കഴിഞ്ഞയുടനെയായിരുന്നു വൻതോതിലുള്ള ഭക്ഷ്യകിറ്റുകൾ പിടിച്ചത്. വോട്ടർമാരെ സ്വാധീനിക്കുന്നതിന് ആദിവാസി കോളനികളിൽ വിതരണം ചെയ്യാൻ ബി.ജെ.പി തയാറാക്കിയ കിറ്റുകളാണ് ഇവയെന്നാണ് ആരോപണം.
ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ ബത്തേരിയിലെ മൊത്തവിതരണ കടയിൽ നിന്ന് 1500 ഓളം കിറ്റുകൾ വാഹനത്തിലേക്ക് കയറ്റാനുള്ള ഒരുക്കത്തിനിടയിലാണ് യു.ഡി.എഫ് പ്രവർത്തകർ തടഞ്ഞത്. പഞ്ചസാര, വെളിച്ചെണ്ണ, ചായപ്പൊടി, ബിസ്‌കറ്റ്, സോപ്പുപൊടി തുടങ്ങിയവയാണ് കിറ്റുകളിൽ ഉൾപ്പെടുന്നത്. 470 ഓളം കിറ്റുകൾ ബുധനാഴ്ച മൂന്നു മണിക്ക് കൊണ്ടുപോയിരുന്നു. ബത്തേരി സി.ഐ ബൈജു കെ. ജോസ്, എസ്.ഐ സാബു ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി. ബി.ജെ.പി പ്രവർത്തകനാണ് കടയിൽ കിറ്റുകൾക്ക് ഓർഡർ കൊടുത്തതെന്ന് പൊലീസ് പറഞ്ഞു. കിറ്റുകൾ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതിനുശേഷം ജില്ല കലക്ടറെ ഏൽപിക്കുമെന്ന് പൊലീസ് അറിയിച്ചു.
വോട്ടു പിടിക്കാൻ കോളനികളിൽ കിറ്റ് വിതരണത്തിന് ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തെത്തി. എന്നാൽ, എവിടേക്ക് കൊണ്ടുപോകാനാണ് കിറ്റുകളെന്ന് അറിയില്ലെന്നാണ് വാഹനത്തിന്റെ ഡ്രൈവർ പറയുന്നത്. അതേസമയം, കടയിൽ നിന്ന് പിടിച്ചെടുത്ത ഭക്ഷ്യ കിറ്റുകളുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബത്തേരി മണ്ഡലം പ്രസിഡന്റ് കവിത കുപ്പാടി പറഞ്ഞു.