ന്യൂഡൽഹി: ബി.ജെ.പി നേതാവ് രാം ശങ്കർ കതാരിയക്ക് രണ്ട് വർഷം തടവുശിക്ഷ. 2011ലെ ഓഫീസ് ആക്രമണ കേസുമായി ബന്ധപ്പെട്ടാണ് ശിക്ഷ. ആഗ്രയിലെ എം.പി/എം.എൽ.എ കോടതിയിലെ പ്രത്യേക മജിസ്ട്രേറ്റാണ് ശിക്ഷ വിധിച്ചത്. രണ്ട് വർഷം തടവുശിക്ഷ ലഭിച്ചതോടെ എം.പി അയോഗ്യനായേക്കും.ടോറന്റ് പവർ എന്ന കമ്പനിയുടെ ഓഫീസ് അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് എം.പിക്ക് ശിക്ഷ ലഭിച്ചത്. 2011 നവംബർ 16നായിരുന്നു കേസിനാസ്പദമായ സംഭവം. വിധിക്കെതിരെ നിയമപരമായ വഴികൾ തേടുമെന്ന് എം.പി പ്രതികരിച്ചു. കേസിൽ ഉടൻ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ പോലെയാണ് ഞാൻ കോടതിയിൽ ഹാജരായത്. കോടതിയുടെ തീരുമാനം എനിക്കെതിരായിരുന്നു. ഞാൻ കോടതിയെ ബഹുമാനിക്കുന്നു. എന്നാൽ, കേസിൽ അപ്പീൽ നൽകാനുള്ള അവകാശം എനിക്കുണ്ട്. അതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.പി പ്രതികരിച്ചു. യു.പിയിൽ നിന്നുള്ള എം.പിയായ കതാരിയയെ ഐ.പി.സി സെക്ഷൻ 147(കലാപമുണ്ടാക്കൽ), 323(മനപ്പൂർവം മുറിവേൽപ്പിക്കൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷിച്ചത്.നേരത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അപകീർത്തി കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് ഉടൻ തന്നെ അദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു. തുടർന്ന് സുപ്രീംകോടതിയിൽ നിന്നും വിധിക്ക് സ്റ്റേ വാങ്ങി രാഹുൽ തിരിച്ചെത്തിയെങ്കിലും ഇതുവരെ അദ്ദേഹത്തിന്റെ എം.പി സ്ഥാനം തിരികെ നൽകിയിട്ടില്ല.