തിരുവനന്തപുരം∙ നിയമന കത്തു വിവാദത്തിൽ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാരുടെ സമരത്തിനിടെ സിപിഎം കൗൺസിലർ ഡി.ആർ.അനിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തില്‍, ബിജെപി വനിതാ കൗൺസിലർമാർ മുഖ്യമന്ത്രി പിണറായി വിജയനെ കാണും. പരാമർശത്തിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കത്തയയ്ക്കും. ഡി.ആർ.അനിലിനെതിരെ കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സമരത്തിനിടെ തന്റെ കാഴ്ച മറച്ച് ബാനർ പിടിച്ച 9 ബിജെപി വനിതാ കൗൺസിലർമാരെ മേയർ ആര്യാ രാജേന്ദ്രൻ സസ്പെൻഡു ചെയ്തിരുന്നു. സസ്പെൻഷനു പിന്നാലെ കൗണ്‍സിലർമാർ ഹാജർ ബുക്കിൽ ഒപ്പിടാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഡി.ആർ.അനിലിന്റെ വിവാദ പരാമർശം. ‘‘കാശു കിട്ടാനാണെങ്കിൽ വേറെ എത്രയോ മാർഗങ്ങളുണ്ട്, അതിന് ഈ ബുക്കിൽ ഒപ്പിടണോ…’’ എന്നു വനിതാ കൗൺസിലർമാരെ ലക്ഷ്യംവച്ചു പറഞ്ഞതാണ് വിവാദമായത്. അനിലിനെതിരെ ബിജെപി മ്യൂസിയം പൊലീസിൽ പരാതിയും നൽകിയിരുന്നു.