ദില്ലി: 45 കോടി ചെലവിട്ട് ഔദ്യോഗിക വസതി നവീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ സമരം ശക്തമാക്കാൻ ബിജെപി. വീട് ജനങ്ങളെ തുറന്ന് കാണിക്കണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക വസതിക്ക് സമീപം ബിജെപിയുടെ പ്രതിഷേധം 5 ദിവസമായി തുടരുകയാണ്. അതേസമയം കേന്ദ്രസർക്കാറിന്റെ ധൂർത്ത് ചൂണ്ടിക്കാണിച്ച് ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് എഎപി.
ദില്ലി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി നവീകരിച്ചതിന്റെ കണക്കുകൾ വിവാദമായതിന് പിന്നാലെ വെള്ളിയാഴ്ചയാണ് ബിജെപി സമരം തുടങ്ങിയത്. ആരോപണങ്ങളിൽ കെജ്രിവാൾ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് തുടരുന്ന സമരം മൂന്ന് ദിവസം പിന്നിട്ടു. വരും ദിവസങ്ങളിൽ വിവാദ വസതിക്ക് മുന്നിൽ വമ്പൻ പ്രതിഷേധ റാലിയടക്കം സംഘടിപ്പിച്ച് സമരം ശക്തമാക്കാനാണ് ബിജെപി തീരുമാനം.
സമീപത്തെ കെട്ടിടങ്ങളടക്കം വസതിയോട് ചേർത്ത് ഔദ്യോഗികവസതി കൊട്ടാരമാക്കി മാറ്റുകയാണ് കെജ്രിവാൾ ചെയ്തതെന്നാണ് ബിജെപി പ്രചാരണം. ഇതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളടക്കം നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം കേന്ദ്രസർക്കാറിന്റെ ആഡംബര പദ്ദതികൾ ഉയർത്തിക്കാട്ടിയാണ് ആംആദ്മി പാർട്ടി നേതാക്കൾ പ്രതിരോധം തീർക്കുന്നത്. 2300 കോടി രൂപ ചെലവഴിച്ച് പുരോഗമിക്കുന്ന സെൻട്രൽ വിസത് പദ്ദതിയും 500 കോടി രൂപ ചെലവിട്ട് പ്രധാനമന്ത്രിക്ക് പുതിയ വസതി ഒരുക്കുന്നതും ധൂർത്ത് അല്ലേയെന്ന് എഎപി എംപി രാഘവ് ചദ്ദ ചോദിച്ചു. അതേസമയം ഇതുവരെ വിവാദത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചിട്ടില്ല. ദില്ലി ലഫ് ഗവർണർ വിനയ് കുമാർ സക്സേന നവീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ രേഖകൾ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നാണ് എഎപി നിലപാട്.
പല കേസുകളിലായി വിവിധ എഎപി നേതാക്കളെ കേന്ദ്ര ഏജൻസികൾ ജയിലിലേക്കയക്കുന്ന പശ്ചാത്തലത്തിലാണ് കെജ്രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് ബിജെപി സമരം ശക്തമാക്കുന്നത്. പുറത്തുവന്ന രേഖകളിൽ കേന്ദ്ര ഏജൻസികൾ എന്ത് നടപടിയെടുക്കുമെന്നാണ് ഇനി അറിയേണ്ടത്.