ദില്ലി: രാജസ്ഥാനിലെ കോൺഗ്രസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ ട്രോളി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്. ദയവ് ചെയ്ത് ഇവരെ ആദ്യം ഒന്നിപ്പിക്കൂ എന്ന് അശോക് ഗെലോട്ടിന്റെയും സച്ചിൻ പൈലറ്റിന്റെയും ഒപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് ഭൂപേന്ദർ യാദവ് പരിഹസിച്ചു. ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യമുയർത്തിയാണ് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര. കോൺഗ്രസിന്റെ ഉന്നമനവും ഇതുകൊണ്ട് ലക്ഷ്യമാക്കുന്നു. അതിനിടെയാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനവും കാരണം പാർട്ടി പ്രതിസന്ധിയിലായിരിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പാർട്ടി അധ്യക്ഷനാകുന്നതോടെ ആര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നതാണ് ചർച്ച. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ ഗെലോട്ടിന് താല്പര്യമില്ല. ഇക്കാര്യത്തിൽ പാർട്ടി പക്ഷേ ഗെലോട്ടിനെതിരാണ്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാണ് പാർട്ടി ദേശീയനേതൃത്വത്തിന് താല്പല്യം. ഈ സാഹചര്യത്തിലാണ് ഗെലോട്ട് അനുകൂലികളായ എംഎൽഎമാർ രാജിഭീഷണി മുഴക്കിയിരിക്കുന്നത്. ഒന്നുകിൽ ഗെലോട്ടിനെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാൻ സമ്മതിക്കണം അല്ലെങ്കിൽ പുതിയ മുഖ്യമന്ത്രിയെ ഗെലോട്ട് തീരുമാനിക്കണം എന്നതാണ് ഈ എംഎൽഎമാരുടെ ആവശ്യം. 2020ൽ സച്ചിൻ പൈലറ്റിന്റെ നേതുത്വത്തിലുണ്ടായ വിമതനീക്കവും ഇവർ ഓർമ്മിപ്പിക്കുന്നു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രി പദവും ഒന്നിച്ച് കൊണ്ടുപോകാനാവില്ലെന്ന് ഗെലോട്ടിന് സോണിയാ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഒരാൾക്ക് ഒരു പദവി എന്ന കാര്യം രാഹുൽഗാന്ധിയും കടുപ്പിച്ചതോടെ ഗെലോട്ടിന് വേറെ വഴിയില്ലാതായി. ഇതിനു പിന്നാലെയാണ് എംഎൽഎമാരുടെ ഭീഷണി വന്നത്. ഈ ഭീഷണിക്ക് പിന്നിൽ ഗെലോട്ടാണെന്ന് പരക്കെ പ്രചാരമുണ്ട്. എന്നാൽ, എംഎൽഎമാർ ദേഷ്യത്തിലാണെന്നും കാര്യങ്ങൾ തന്റെ കയ്യിൽ അല്ലെന്നും ഗെലോട്ട് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഗെലോട്ട് ഇങ്ങനൊരു കാര്യം പറഞ്ഞെന്ന റിപ്പോർട്ട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിഷേധിച്ചിട്ടുണ്ട്. എന്തായാലും, ഗെലോട്ട്- സച്ചിൻ പോര് തുടരുന്നതിനിടെയാണ് ബിജെപിയുടെ ട്രോൾ.