ഷിംല: ഹിമാചൽപ്രദേശിലെ ഏക രാജ്യസഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അപ്രതീക്ഷിത ജയം. ബി.ജെ.പിയുടെ ഹർഷ് മഹാജനാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിങ്‍വിക്കും മഹാജനും 34 വോട്ടുകൾ വീതമാണ് ലഭിച്ചത്. ഒടുവിൽ നറുക്കെടുപ്പിലൂടെയാണ് ഹർഷ് മഹാജൻ വിജയിച്ചത്.
ഹിമാചൽ നിയമസഭയിൽ കോൺഗ്രസിനെ പിന്തുണക്കുന്ന ഒമ്പത് എം.എൽ.എമാർ ബി.ജെ.പിക്ക് വോട്ട് ചെയ്തുവെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് സർക്കാർ ന്യൂനപക്ഷമായെന്നും മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുകു രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ജയ്റാം താക്കൂർ ആവശ്യപ്പെട്ടു. സർക്കാറിന്റെ കാലാവധി ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പാണ് എം.എൽ.എമാർ സർക്കാറിനെ വിട്ട് പോയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചലിലെ പരാജയത്തിന് പിന്നാലെ സംസ്ഥാനത്ത് ജനാധിപത്യം അട്ടിമറിക്കപ്പെട്ടുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കർണാടക, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങൾക്ക് ശേഷം ഹിമാചൽപ്രദേശിലും തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഉണ്ടാവുന്നതെന്നും ഖാർഗെ ആരോപിച്ചു. പരാജയപ്പെട്ടതിന് ശേഷവും ഇത്തരം നടപടികളുമായി മുന്നോട്ട് പോവുകയാണെങ്കിൽ രാജ്യത്ത് ജനാധിപത്യം തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
68 അംഗ ഹിമാചൽ നിയമസഭയിൽ 40 എം.എൽ.എമാരാണ് കോൺഗ്രസിനുള്ളത്. ഇതുകൂടാതെ മൂന്ന് സ്വതന്ത്രരുടെ പിന്തുണയും അവർക്കുണ്ട്. നിയമസഭയിൽ 25 എം.എൽ.എമാർ മാത്രമാണ് ബി.ജെ.പിക്കുള്ളത്. ക്രോസ് വോട്ടിങ്ങാണ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തുണയായത്.