അസ്സം: ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബിജെപി വനിതാ നേതാവ് അറസ്റ്റിൽ. അസമിലെ കർബി ആംഗ്ലോങ് ജില്ലയിലെ ബിജെപി നേതാവായ മൂൺ ഇംഗ്ടിപി ആണ് പിടിയിലായത്. വിവിധ സർക്കാർ വകുപ്പുകളിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു മൂൺ ഇംഗ്ടിപി യുവാക്കളിൽ നിന്നും പണം തട്ടിയത്. കർബി ആംഗ്ലോങ് ജില്ലയിലെ ബിജെപിയുടെ കിസാൻ മോർച്ചയുടെ സെക്രട്ടറിയായിരുന്നു മൂൺ ഇംഗ്ടിപി. അറസ്റ്റിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.
വിവിധ സർക്കാർ വകുപ്പുകളിൽ നിയമനം വാങ്ങിത്തരാമെന്നായിരുന്നു മൂൺ ഇംഗ്ടിപി ഉദ്യോഗാർത്ഥികള്‍ക്ക് നൽകിയിരുന്ന വാഗ്ദാനം. 9 കോടി രൂപയോളം ഇവർ തട്ടിയെടുത്തതായാണ് പൊലീസ് അനുമാനം. കർബി ആംഗ്ലോംഗ് ഓട്ടോണമസ് കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് അംഗം തുലിറാം റോങ്‌ഹാങ് മുതൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വരെയുള്ള ഭരണകക്ഷിയായ ബിജെപി നേതാക്കളുമായി തനിക്ക് അടുപ്പമുണ്ടെന്ന് ഇവർ ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിയമനം ഉറപ്പ് പറഞ്ഞ തീയതി കഴിഞ്ഞിട്ടും നിയമന ഉത്തരവ് വരാഞ്ഞതോടെയാണ് യുവതീ യുവാക്കള്‍ തങ്ങള്‍ ചതിയിള്‍പ്പെട്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബിജെപി നേതാവിനെതിരെ പൊലീസിൽ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂൺ ഇംഗ്ടിപിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂൺ ഇംഗ്ടിപിക്കെതിതിരെ നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പ് സംബന്ധിച്ച് പൊലീസ് കൂടുതല്‍ അഅന്വേണം നടത്തി വരികയാണ്. പ്രതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് നയൻ ബർമാൻ പറഞ്ഞു. അതേസമയം മൂൺ ഇംഗ്‌ടിപിക്കെതിരായ കേസിൽ സംസ്ഥാന ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.