തിരുവനന്തപുരം: വനം വകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന ബോട്ടുകളുടെ ഫിറ്റ്‌നസ് അതിന്റെ കാലാവധി, ജീവന്‍രക്ഷാ ഉപകരണങ്ങളുടെ ലഭ്യത, അറ്റകുറ്റ പണികള്‍ നടത്തിയ വിശദാംശങ്ങള്‍, ഇന്‍ഷുറന്‍സ് എന്നിവ സംബന്ധിച്ച് ഒരിക്കല്‍ കൂടി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ വനം വകുപ്പ് മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കി. വനം വകുപ്പിന് കീഴിൽ 17 ബോട്ടുകളാണ് ഇക്കോ ടൂറിസത്തിന് മാത്രമായി ഇപ്പോൾ സർവ്വീസ് നടത്തുന്നത്. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. ഇന്നലെ വൈകുന്നേരത്തോടെയാണ് ബോട്ട് ദുരന്തം ഉണ്ടായത്. ദുരന്തത്തിൽ 15 കുട്ടികളുൾപ്പെടെ 22 പേരാണ് കൊല്ലപ്പെട്ടത്.