എടത്വ∙ പരുമല ഇല്ലിമല പാലത്തിൽനിന്നു ചാടി എന്നു സംശയിക്കുന്ന സ്ത്രീയുടെ മൃതശരീരം തകഴി പഞ്ചായത്ത് ചെക്കിടിക്കാട് വാച്ചാലി തോട്ടിൽനിന്നു ലഭിച്ചു. ഇല്ലിമല പെരുവനത്ത് സാറാമ്മ തോമസ് (സൂസി–65)ന്റെ മൃതദേഹമാണ് ലഭിച്ചത്.
ഇന്നലെ രാവിലെ 8.30 മണിയോടെ നാട്ടുകാരാണ് സ്ത്രീയുടെ മൃതദേഹം ഒഴുകി വരുന്നതു കണ്ടത്. വാച്ചാലിക്കടവിൽ അടുത്ത മൃതദേഹം എടത്വ പൊലീസും നാട്ടുകാരും ചേർന്ന് ഗ്രാമ പഞ്ചായത്ത് അംഗം മോൻസി കരിക്കംപള്ളിയുടെ സഹായത്തോടെ കരയ്ക്ക് എടുക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ വീട്ടിൽനിന്നു നടക്കാനിറങ്ങിയ ഇവർ പാലത്തിൽനിന്നു ചാടിയെന്നാണു സംശയിക്കുന്നത്. ഇവരുടെ മൊബൈൽ ഫോണും പഴ്സും പാലത്തിന്റെ സമീപത്തുനിന്നു ലഭിച്ചതാണ് ഇങ്ങനെ സംശയിക്കാൻ കാരണം. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ആറ്റിൽ തിരച്ചിൽ നടത്തുന്നതിനിടയിൽ ആണ് ചെക്കിടിക്കാടുനിന്ന് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് എത്തി സൂസിയാണെന്നു തിരിച്ചറിയുകയായിരുന്നു.
എന്നാൽ പുലർച്ചെ മൂന്നു മണിക്ക് വെള്ളത്തിൽ ചാടിയ ഒരാൾ ഇത്രയും ദൂരം ഒഴുകിയെത്തിയത് എങ്ങനെ എന്നാണു സംശയം. മാത്രമല്ല വെള്ളത്തിൽ വീണാൽ കുറഞ്ഞത് 18 മണിക്കൂർ കഴിഞ്ഞു മാത്രമേ പൊങ്ങി വരുകയുള്ളൂ എന്നതും സംശയത്തിനിടയാക്കുന്നു. മൃതദേഹം തുടർ നടപടിക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി.