ഗസ്സക്കു മേൽ ബോംബ്മഴ വർഷിക്കുന്ന ഇസ്രായേലിനെതിരെ നയതന്ത്ര തലത്തിൽ മറുപടി നൽകി ബൊളീവിയ. ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചാണ് ബൊളീവിയ ഗസ്സയുദ്ധത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. ഗസ്സയിലെ ഇസ്രായേലിന്റെ സൈനിക നീക്കം നീതീകരിക്കാനാവില്ലെന്നും ബൊളീവിയ വ്യക്തമാക്കി.ഇസ്രായേലുമായി നയതന്ത്രബന്ധം വിഛേദിക്കുന്ന ആദ്യ ലാറ്റിനമേരിക്കൻ രാജ്യമാണ് ബൊളീവിയ. ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട ബൊളീവിയ ഉപരോധമേഖലയിലേക്ക് സഹായം എത്തിക്കുമെന്നും അറിയിച്ചു.
നയതന്ത്രബന്ധം വിഛേദിച്ച ബൊളീവിയയുടെ നടപടി ഭീകരതക്ക് കീഴടങ്ങുന്ന നീക്കമാണെന്നാണ് ഇസ്രായേൽ പ്രതികരിച്ചത്. ഗസ്സ മുനമ്പിൽ നീതിക്കു നിരക്കാത്ത രീതിയിൽ ഇസ്രായേൽ അക്രമം നടത്തുന്നതിനാലാണ് നയതന്ത്രബന്ധം വിഛേദിച്ചതെന്ന് ഇസ്രായേൽ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫ്രെഡ്ഡി മനാമി വ്യക്തമാക്കി. ഗസ്സയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വെള്ളവും ഭക്ഷണവുമടക്കമുള്ള അവശ്യസാധനങ്ങൾ എത്തിക്കാൻ ഉപരോധം നീക്കാൻ ഇസ്രായേൽ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഴ്ചകളായി ഗസ്സ ഇസ്രായേലിന്റെ സമ്പൂർണ ഉപരോധത്തിലാണ്.
ചിലിയും ഇസ്രായേലിനെതിരെ രംഗത്തുവന്നിരുന്നു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാത്തപക്ഷം തെൽഅവീവിലെ നയതന്ത്ര പ്രതിനിധിയെ പിൻവലിക്കുന്നതായി ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിസ് പ്രഖ്യാപിച്ചിരുന്നു. ഗസ്സയിൽ മനുഷ്യത്വത്തിന് നിരക്കാത്ത രീതിയിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇസ്രായേലിലെ നയതന്ത്ര പ്രതിനിധിയോട് തിരിച്ചുവരാൻ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയും ആവശ്യപ്പെട്ടു. ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയും ആവശ്യപ്പെട്ടു. ദൈവത്തേയോർത്ത് ഈ അതിക്രമം അവസാനിപ്പിക്കൂ എന്നാണ് അഭയാർഥികേന്ദ്രത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ലുല പ്രതികരിച്ചത്.ഗസ്സക്കുമേൽ ഒക്ടോബർ ഏഴു മുതൽ നിർബാധം തുടരുന്ന വ്യോമാക്രമണത്തിൽ ചൊവ്വാഴ്ചയും ഒട്ടേറെ പേർ കൊല്ലപ്പെട്ടു. 300 കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ അവകാശപ്പെടുന്നു. 8625 ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച മാത്രം മരണം 300 കവിഞ്ഞു.