തിരുവനന്തപുരം : അനുവാദമില്ലാതെ പുസ്തകമെഴുതി പ്രസിദ്ധീകരിച്ചതിനു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇപ്പോള്‍ കായിക, യുവജനക്ഷേമ സെക്രട്ടറിയുമായ എം.ശിവശങ്കറിനോട് സര്‍ക്കാര്‍ വിശദീകരണം തേടിയേക്കും. മുഖ്യമന്ത്രിയുടെ കൂടി അഭിപ്രായം തേടിയ ശേഷമാകും വിശദീകരണം തേടുക. സര്‍ക്കാരിനെതിരായി ഒന്നും പരാമര്‍ശിക്കില്ലെന്ന ധാരണയുടെ പുറത്താണ് പുസ്തകമെഴുതാന്‍ ഭരണരംഗത്തെ ചിലര്‍ അനൗദ്യോഗികമായി ശിവശങ്കറിനു പച്ചക്കൊടി കാട്ടിയത്. മുഖ്യമന്ത്രിക്കും ഇതേക്കുറിച്ച് അറിവു ലഭിച്ചിരുന്നു. മാധ്യമങ്ങളെയും അന്വേഷണ ഏജന്‍സികളെയും കുറ്റപ്പെടുത്തുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതാണ് മുന്നറിയിപ്പു ലഭിച്ചിട്ടും സര്‍ക്കാര്‍ ഇടപെടാന്‍ തയാറാകാതിരുന്നത്.
എന്നാല്‍, ഇതുവരെ മിണ്ടാതിരുന്ന സ്വപ്ന, പുസ്തകം ഇറങ്ങിയാലും മൗനം തുടരും എന്ന കണക്കുകൂട്ടല്‍ പാളുകയായിരുന്നു. സ്വപ്നയ്ക്ക് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൂടി ധൈര്യം പകര്‍ന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണു സര്‍ക്കാര്‍. കെട്ടടങ്ങിയ വിവാദം വീണ്ടും പൊങ്ങിവരാന്‍ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ കാരണമായെന്നും ഇതു മുന്‍കൂട്ടി പ്രതിരോധിക്കുന്നതില്‍ ശിവശങ്കറിനു വീഴ്ച സംഭവിച്ചെന്നുമാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍.