ഇന്ത്യയിലെ ടൊയോട്ട ഡീലര്‍മാര്‍ വരാനിരിക്കുന്ന ലൈഫ് സ്‌റ്റൈല്‍ പിക്കപ്പ് ട്രക്കായ ഹിലക്‌സിന്റെ ബുക്കിംഗ് അനൗദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. ഔട്ട്ലെറ്റിനെ ആശ്രയിച്ച് 50,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ് ബുക്കിംഗ് തുക എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിന്റെ ഔദ്യോഗിക വിപണി പ്രവേശനം ജനുവരി 2022-ന് നടത്താനാണ് ടൊയോട്ട ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഇതുവരെ ഹിലക്‌സിന്റെ ബുക്കിംഗ് കമ്പനി ഔദ്യോഗികമായി തുറന്നിട്ടില്ല. ഇന്നോവ ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും അടിസ്ഥാനമാകുന്ന പരിചിതമായ IMV-2 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ടൊയോട്ട ഹിലക്‌സ്. അതിനാല്‍, എഞ്ചിന്‍, ഗിയര്‍ബോക്‌സ്, ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റം, സസ്‌പെന്‍ഷന്‍ ഘടകങ്ങള്‍ എന്നിങ്ങനെ ഒരുപാട് ഭാഗങ്ങള്‍ ഈ മോഡലുകളുമായി വാഹനം പങ്കിടും.
ഹിലക്സിന് 5,285 എംഎം നീളവും 3,085 എംഎം വീല്‍ബേസുമുണ്ട്. ഫോര്‍ച്യൂണറിന് 4,795 എംഎം നീളമുണ്ട്. എന്നാല്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടവയാണ് എന്നതാണ്. അതായത് ഈ വാഹനങ്ങളുടെ ചെലവ് കുറയ്ക്കുക എന്നത് വലിയ വെല്ലുവിളിയാകില്ല. എഞ്ചിന്‍ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം, ഫോര്‍ച്യൂണറിന്റെ 204 എച്ച്പി, 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹിലക്സിന് കരുത്ത് പകരുന്നത്, കൂടാതെ ഫോര്‍ വീല്‍ ഡ്രൈവ് സഹിതം വരും. എന്നിരുന്നാലും, ഇതിന്റെ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇതുവരെ അറിവായിട്ടില്ല. ഈ എഞ്ചിന്‍ 500Nm പീക്ക് ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്നു. ഇന്ത്യയില്‍ ഹിലക്സ് അതിന്റെ ഡബിള്‍-ക്യാബ് ബോഡി ശൈലിയില്‍ വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്രക്കിന്റെ മുഖത്തിന് ഫോര്‍ച്യൂണറുമായുള്ള അടിസ്ഥാന പ്രൊഫൈലില്‍ ചില സാമ്യമുണ്ടെങ്കിലും അത് വളരെ വ്യത്യസ്തമാണ്. ഹിലക്സിന് വളരെ വലിയ ഷഡ്ഭുജാകൃതിയിലുള്ള ഗ്രില്ലും അതുല്യമായ സ്വെപ്റ്റ് ബാക്ക് എല്‍ഇഡി ഹെഡ്ലാമ്പുകളും കൂടുതല്‍ പരുക്കന്‍ ബമ്പറും ലഭിക്കുന്നു. പ്രൊഫൈലില്‍ കാണുമ്പോള്‍, ഹൈലക്സിന്റെ നീളം ഏറ്റവും വ്യക്തമാകും, കൂടാതെ ഇരട്ട-ക്യാബ് സിലൗറ്റും ഇന്ത്യയെ സംബന്ധിച്ചിടത്തോളം തികച്ചും അദ്വിതീയമായിരിക്കും. പിന്‍ഭാഗം മിക്ക പരമ്പരാഗത പിക്കപ്പ് ട്രക്കുകളും പോലെ കാണപ്പെടുന്നു.