ലണ്ടൻ: ബ്രിട്ടൺ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു. വിവാദങ്ങളില്‍ കുടുങ്ങിയ ബോറിസ് ജോൺസൺ മന്ത്രിസഭയില്‍നിന്ന് നിരവധി അംഗങ്ങള്‍ രാജിവെച്ചതോടെയാണ് ജോൺസൺന്റെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിയത്.
‘പാർട്ടി ഗേറ്റ്’ വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോൺസനെതിരെ സ്വന്തം പാളയത്തിൽ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വൻ എതിർപ്പുകളാണ് ഉയർത്തിവിട്ടത്. തുടര്‍ന്ന് പാര്‍ട്ടിനേതാവ് സ്ഥാനത്ത് ജോണ്‍സന്‍ തുടരണമോ എന്നതിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
പാര്‍ലമെന്റില്‍ 359 എം.പി.മാരാണ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. അതില്‍ 54 എം.പി.മാര്‍ ജോണ്‍സനെതിരേ വിശ്വാസവോട്ടിനു കത്തുനല്‍കിയതോടെ ബോറിസ് ജോൺസൺ പുറത്തു പോയെക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ വിശ്വാസ വോട്ടെടുപ്പിൽ ബോറിസ് ജോണ്‍സണായിരുന്നു വിജയം. 211 എംപിമാര്‍ ജോണ്‍സണെ പിന്തുണച്ചു. 148 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. വിശ്വാസം തെളിയിക്കാന്‍ 180 വോട്ടായിരുന്നു ആവശ്യം.