തൃശ്ശൂർ: മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കാനുള്ള ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം. മറ്റ് കോഴ്‌സുകളിലും ലിംഗ ഭേദമന്യേ വിദ്യാർഥികൾക്ക് പ്രവേശനം നൽകും. ഇന്ന് ചേർന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം. നർത്തകൻ ആർ.വി രാമകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനെതുടർന്നാണ് ഇന്ന് ചേർന്ന ഭരണ സമിതി യോഗത്തിൽ തീരുമാനം എടുത്തത്.
ആർ.എൽ.വി രാമകൃഷ്ണനെതിരായ സത്യഭാമയുടെ വർണ അധിക്ഷേപത്തിന് പിന്നാലെ വിഷയം സജീവമായി പരിഗണിക്കാൻ ഭരണ സമിതി തീരുമാനിക്കുകയായിരിക്കുന്നു. പുതിയ ഭരണ സമിതി അംഗങ്ങൾ അടക്കം പങ്കെടുത്ത ആദ്യ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ലിംഗഭേദമന്യേ എല്ലാ ഡിപ്പാർട്ടുമെന്റുകളിലും വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പാക്കുമെന്ന് വൈസ് ചാൻസലർ ബി.അനന്തകൃഷ്ണൻ പറഞ്ഞു. കഥകളി പോലെയുള്ള മറ്റ് ഡിപ്പാർട്ട്മെന്റുകളിൽ പെൺകുട്ടികൾക്ക് നേരത്തെ പ്രവേശനം ഉണ്ടായിരുന്നു. ലിംഗ വിവേചനം അവശേഷിച്ചത് മോഹിനിയാട്ടത്തിൽ മാത്രമായിരുന്നുവെന്നും വൈകിപ്പോയെങ്കിലും മാറ്റത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ഭരണ സമിതി അംഗങ്ങൾ പ്രതികരിച്ചു.