കൊച്ചി: ബ്രഹ്മപുരത്തെ അപകടസാധ്യത മുന്നറിയിപ്പുമായി കോർപറേഷന് അഗ്നിരക്ഷാസേന മുമ്പ് നൽകിയ റിപ്പോർട്ട് ചർച്ചയാകുന്നു. ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് ഉൾെപ്പടെ മുന്നറിയിപ്പ് നൽകിയ റിപ്പോർട്ടിൽ കോർപറേഷൻ കാര്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. അഗ്നിരക്ഷാ വാഹനങ്ങൾക്ക് പ്ലാന്റിന്റെ എല്ലാ ഭാഗങ്ങളിലേക്കും കടക്കാനാകില്ലെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു.
ഇത് പരിഗണിച്ച് നടപടി സ്വീകരിക്കാൻ നിർദേശമുണ്ടായിരുന്നെങ്കിലും നടപടിയുണ്ടാകാത്തതാണ് അപകടത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണമെന്ന് പറയുന്നു. ഇതിനുപുറമെ, തീ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന നിർദേശവുമുണ്ടായിരുന്നെങ്കിലും അവയും എല്ലായിടത്തും സ്ഥാപിച്ചിരുന്നില്ല. മാസങ്ങൾക്കുമുമ്പെ നൽകിയ ജില്ല ഫയർ ഓഫിസറുടെ റിപ്പോർട്ടിനെ ഗൗരവത്തിലെടുക്കാനോ അതനുസരിച്ച് സംവിധാനങ്ങൾ ഒരുക്കാനോ കോർപറേഷന് കഴിഞ്ഞിട്ടില്ല എന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.