സൂറിച്ച് : ലോക ചാംപ്യന്മാരായ അര്‍ജന്റീന പുതിയ ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അല്‍പസമയം മുമ്പാണ് പുതിയ ഫിഫ റാങ്കിംഗ് പുറത്തുവന്നത്. തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ബ്രസീല്‍ മൂന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് വീണു. ഈ ഇന്റര്‍ നാഷണല്‍ ബ്രേക്കില്‍ ബ്രസീല്‍ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. ഇതാണ് ബ്രസീലിന് റാങ്കിംഗില്‍ തിരിച്ചടിയായത്. 2023 ഏപ്രിലിലെ റാങ്കിംഗിലാണ് അര്‍ജന്റീന ബ്രസീലിനെ മറികടന്ന് ഒന്നാമതെത്തിയത്.
അര്‍ജന്റീനയ്ക്ക് പുതിയ റാങ്കിംഗില്‍ 1855 പോയിന്റാണ് ഉള്ളത്. 1845 പോയിന്റുള്ള ഫ്രാന്‍സ് രണ്ടാം സ്ഥാനത്ത് തുടരുന്നു. 28 പോയിന്റ് നഷ്ടപ്പെട്ടാണ് ബ്രസീല്‍ അഞ്ചാം സ്ഥാനത്തേക്ക് വീണത്. ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്കെത്തി. ബെല്‍ജിയമാണ് നാലാം സ്ഥാനത്ത്. നെതല്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍, ഇറ്റലി, ക്രൊയേഷ്യ എന്നിവര്‍ ആറ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. 17-ാം സ്ഥാനത്തുള്ള ജപ്പാനാണ് ഏഷ്യന്‍ സ്ഥാനങ്ങളില്‍ മുന്നില്‍. പുതിയ റാങ്കിംഗില്‍ ഇന്ത്യ 102-ാം സ്ഥാനത്ത് തുടരുന്നു.