തൃശൂർ: പുകപരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിള്‍ ഇസ്പെക്ടറും ഏജന്‍റും വിജിലന്‍സിന്‍റെ പിടിയില്‍. തൃപ്രയാർ സബ്. ആർ.ടി ഓഫിസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എസ്. ജോര്‍ജ്ജ്, ഇയാളുടെ ഏജന്റ് അഷ്റഫ് എന്നിവരാണ് പിടിയിലായത്.ഇന്ന് രാവിലെ തൃപ്രയാർ കിഴുപ്പുള്ളിക്കര ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ചാണ് ഇവരെ കയ്യോടെ പിടികൂടിയത്. വാഹന പുക പരിശോധന കേന്ദ്രം തുടങ്ങാനുള്ള അപേക്ഷ പാസ്സാക്കാനാണ് ഇരുവരും കൈക്കൂലി വാങ്ങിയത്. പരാതിക്കാരന്‍ വാഹന പുകപരിശോധന കേന്ദ്രം തുടങ്ങുന്നതിനായി അപേക്ഷ നൽകിയിരുന്നു. അപേക്ഷ പാസ്സാക്കണമെങ്കില്‍ കൈക്കൂലിയായി 5000 രൂപയാണ് എം.വി.ഐ ജോർജ് ആവശ്യപ്പെട്ടത്.കൈക്കൂലി തുക തന്‍റെ ഏജന്‍റായ ഡ്രൈവിങ് സ്കൂളിലെ ജീവനക്കാരന്‍ അഷ്‌റഫിന്റെ ഏൽപ്പിക്കണമെന്നും എം.വി.ഐ നിർദേശിച്ചു. തുടർന്ന് അപേക്ഷ നൽകിയ വ്യക്തി വിജിലൻസിനെ ബന്ധപ്പെടുകയായിരുന്നു. വിജിലൻസ് നൽകിയ തുക കൈമാറുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന നടത്തുമെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു.