കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ സഹോദരൻ അനൂപ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. അനൂപിന്റെ ഫോണിന്റെ ഫൊറൻസിക് പരിശോധനാ ഫലം അടിസ്ഥാനമാക്കിയാണ് മൊഴിയെടുക്കുന്നത്. ദിലീപ്, അനൂപ് അടക്കമുളള കേസിലെ പ്രതികൾക്ക് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു. വധഗൂഢാലോചന കേസിൽ ദിലീപിന്‍റെ സഹോദരി ഭർത്താവ് ടി എൻ സുരാജ് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യൽ ആണ് ഇപ്പോൾ നടക്കുന്നത്. സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷം നടൻ ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ലഭിച്ചിട്ടുണ്ട്. ഇത് കൈമാറണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപക്ഷ നൽകും. വധഗൂഡാലോചനക്കേസിൻ്റ എഫ്ഐആർ റദ്ദാക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടികൊണ്ട് പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ ആക്ഷേപം. കൂടാതെ തുടരന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്നുമാണ് ദിലീപിന്റെ ഹർജിയിലെ ആവശ്യം. ദിലീപിന്‍റെ ഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി നേരെത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജിയെ എതിർത്ത് കൊണ്ട് നടി ഇന്ന് കക്ഷി ചേരൽ അപേക്ഷ സമർപ്പിച്ചേക്കും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനും പ്രതികൾക്കും ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
സർക്കാർ എന്ത് ചെയ്തു. നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെ വിമർശിച്ച് ഡബ്ല്യുസിസി
വധഗൂഢാലോചനാ കേസിൽ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ പറയുന്നു. ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത്. കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിറകെയാണ് എഫ്ഐആർ റദ്ദാക്കണമെന്ന ഹർജിയുമായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്.