തിരുവനന്തപുരം: ബഫർ സോൺ വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് വനം മന്ത്രി എ.കെ ശശീന്ദ്രൻ കത്തയച്ചു. ഒരു കിലോമീറ്റർ പരിധി നിശ്ചയിച്ചതിനെതിരെ നിയമനിർമ്മാണം നടത്തണം. ജനവാസ മേഖല ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണം. വന്യജീവി സങ്കേതങ്ങളേയും ദേശീയോദ്യാനങ്ങളേയും പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംരക്ഷിത വനമേഖലക്കു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ബഫര്‍ സോണാക്കുന്നതിനെതിരെ ഇടപെടലുണ്ടായില്ലെന്ന് ആക്ഷേപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്തതിന് പിന്നാലെ ബഫര്‍ സോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും വനംമന്ത്രിയും നിയമവിദ്ധരും വ്യാഴാഴ്ച ചേരുന്ന യോഗത്തിൽ പങ്കെടുക്കും.
സുപ്രീംകോടതി വിധി നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധികളും ഒഴിവാക്കേണ്ട പ്രദേശങ്ങളുടെ വിശാദംശങ്ങളും വിശദമായ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി ഉന്നത തല യോഗം വിളിച്ചത്. വനം മേധാവിയുടെ നേതൃത്വത്തിൽ വനം റവന്യു തദ്ദേശ ഭരണ വകുപ്പുകൾ സംയുക്തമായി ഇതു സംബന്ധിച്ച സര്‍വെയും പഠനവും നടത്തുന്നുണ്ട്. മൂന്ന് മാസത്തിനകം പ്രദേശങ്ങളെ ഇനം തിരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജനവാസമേഖലകളെ പൂര്‍ണ്ണമായി ഒഴിവാക്കുമ്പോൾ എടുക്കേണ്ട നിയമപരവും നയപരവുമായ പ്രതിസന്ധികൾ വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
അതിനിടെ ബഫര്‍ സോൺ പ്രശ്നം മുൻനിര്‍ത്തി രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത എസ്എഫ്ഐ നടപടിയോടെ സര്‍ക്കാര്‍ നിലപാടുകൾ ചോദ്യം ചെയ്ത് പ്രതിപക്ഷവും രംഗത്തെത്തി. പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് അയച്ച കത്തും പാര്‍ലമെന്റിൽ പ്രശ്നം ഉന്നയിക്കണമെന്ന് ആവശ്യപ്പെടുന്ന മുഖ്യമന്ത്രിയുടെ മറുപടിയും പുറത്ത് വന്നു. സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ബഫര് സോണിന് ഒരു കിലോമീറ്റര്‍ പരിധി നിശ്ചയിച്ച് തീരുമാനമെടുത്തത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണെന്നും ഇക്കാര്യത്തിൽ സര്‍ക്കാരിന് ഇരട്ടത്താപ്പുണ്ടെന്നുമുള്ള ആക്ഷേപവും പ്രതിപക്ഷം ശക്തമാക്കുകയാണ്.