ഭോപ്പാൽ: ബുരാരി മരണങ്ങൾക്ക് സമാനമായ സംഭവം മധ്യപ്രദേശിലും. അലിരാജ്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. രാകേഷ് ദൗഡ(27), ഭാര്യ ലളിത ദൗഡ(24), മക്കളായ പ്രകാശ്(7), അക്ഷയ്(5), ലക്ഷ്മി(9) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ നാല് പേരുടെ മൃതദേഹങ്ങൾ സീലിങ് ഫാനിൽ തൂങ്ങിയ നിലയിലും ലക്ഷ്മിയുടേത് നിലത്തുമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 9.20ഓടെയാണ് മരണം സംബന്ധിച്ച് വിവരം പൊലീസിന് ലഭിക്കുന്നത്. ഞായറാഴ്ച രാത്രി ഏഴ് മണിക്കും തിങ്കളാഴ്ച രാവിലെ എഴ് മണിക്കും ഇടയിലാണ് ഇവരുടെ മരണങ്ങൾ സംഭവിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. അലിരാജ്പൂർ സബ് ഡിവിഷണൽ ഓഫീസറിന്റെ നേതൃത്വത്തിൽ കേസിനെ സംബന്ധിച്ച് അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ബുരാരി കൂട്ട ആത്മഹത്യ കേസ്
2018 ജൂലൈ ഒന്നിനാണ് ഡൽഹിൽ കൂട്ട ആത്മഹത്യ നടക്കുന്നത്. വീടിനുള്ളിൽ നടുമുറ്റത്ത് നിന്ന് ഒമ്പത് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തൂങ്ങിയനിലയിലായിരുന്നു മൃതദേഹങ്ങളെല്ലാം കണ്ടെത്തിയത്. കുടുംബത്തിലെ പ്രായമായ സ്തീയുടെ മൃതദേഹം സമീപത്തെ റൂമിൽ നിന്നാണ് കണ്ടെത്തിയത്. എല്ലാവരുടേയും വായിൽ തുണിതിരുകുകയും കൈകൾ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് ബന്ധിക്കുകയും ചെയ്തിരുന്നു. മോക്ഷം നേടുന്നതിന് വേണ്ടിയാണ് ഇവരെല്ലാം ആത്മഹത്യ ചെയ്തതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. കുടുംബനാഥനായ ലളിതിന്റെ മാനസിക പ്രശ്നങ്ങളാണ് ബുരാരിയിലെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നും െപാലീസ് കണ്ടെത്തിയിരുന്നു.