തിരുവനന്തപുരം : സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ പച്ചത്തേങ്ങയ്ക്കു വിലയിടിഞ്ഞ സാഹചര്യത്തില്‍ ജനുവരി 5 മുതല്‍ കര്‍ഷകരില്‍ നിന്നു കേരഫെഡ് മുഖേന പച്ചത്തേങ്ങ നേരിട്ടു സംഭരിക്കാന്‍ കൃഷിവകുപ്പ് തീരുമാനിച്ചു. കിലോയ്ക്ക് 32 രൂപയാണ് താങ്ങുവില. കൊപ്ര വിലയും ദിനംപ്രതി ഇടിയുന്നത് പരിശോധിക്കുന്നുണ്ട്. കൊപ്രയ്ക്കു കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവില 105.90 രൂപയാണ്. മന്ത്രി പി.പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പച്ചത്തേങ്ങ സംഭരിക്കാന്‍ തീരുമാനിച്ചത്. കേരഫെഡിനെ കൂടാതെ നാളികേര വികസന കോര്‍പറേഷന്‍, കേരഗ്രാമം പദ്ധതി പ്രകാരം രൂപീകരിച്ച പഞ്ചായത്ത് തല സമിതികള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങിയവയെ സജ്ജമാക്കി സംഭരണം വേഗത്തിലാക്കുന്നതിന് കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. നാഫെഡ് മുഖേനെയുള്ള സംഭരണം ദ്രുതഗതിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.
ഈ വര്‍ഷം ബജറ്റിലാണ് പച്ചത്തേങ്ങയുടെ സംഭരണ വില കിലോയ്ക്ക് 32 രൂപയായി പ്രഖ്യാപിച്ചത്. ഏപ്രില്‍ മുതല്‍ ഈ തുകയ്ക്കാണ് സംഭരണം. വിപണിയില്‍ പച്ചത്തേങ്ങവില ഏതാനും ആഴ്ചകളായി 32-33 രൂപയായിരുന്നത് ചൊവ്വാഴ്ചയോടെ മുപ്പതിലേക്കു താഴ്ന്നു. ചിലയിടങ്ങളില്‍ കിലോയ്ക്ക് 28-29 രൂപ വരെയായി. ഇന്നലെ പാലക്കാട്ട് 30 രൂപയായിരുന്നു മൊത്തവില. ചില്ലറ വില 32 രൂപയും. നല്ല മഴ ലഭിച്ചതും ഉല്‍പാദനം വന്‍തോതില്‍ കൂടിയതുമാണ് പച്ചത്തേങ്ങ വില ഇടിയാന്‍ കാരണം. തമിഴ്‌നാട്ടില്‍ നിന്നു കൂടുതലായി പച്ചത്തേങ്ങ എത്തുന്നുണ്ട്. കിലോയ്ക്ക് 27 രൂപ മൊത്തവിലയ്ക്കാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചത്തേങ്ങയുടെ വില്‍പന. കഴിഞ്ഞ വര്‍ഷം ഈ സമയം കിലോയ്ക്ക് 40 രൂപയായിരുന്നു.