കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും ലഹരിവേട്ട. സിറ്റി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തി വന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശി ഷാഹിദ് അക്ബർ (33) ആണ് ടൗൺ പൊലീസിന്‍റെ പിടിയിലായത്. ടൗൺ പൊലീസും ടൗൺ അസ്സി: കമ്മീഷണർ പി.ബിജു രാജിന്‍റെ നേതൃത്വത്തിലുള്ള ക്രൈം സക്വാഡും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഒഡീഷയിൽ നിന്ന് കഞ്ചാവ് കേരളത്തിന്‍റെ മറ്റു ഭാഗത്തുള്ളവർക്ക് കുറഞ്ഞ വിലയിൽ വാങ്ങി കൊടുക്കുന്നവരിൽ ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നു ഷാഹിദ് അക്ബറിന്‍റെ രീതി. ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജുവിന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് റെയിൽവേ സറ്റേഷനിലെ നാലാം ഫ്ലാറ്റ് ഫോമിന്‍റെ പാർക്കിംഗിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുമ്പോള്‍ ഷാഹിന്‍റെ കൈവശം 2 കിലോഗ്രാം കഞ്ചാവുണ്ടായിരുന്നു.
ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലക്ക് കഞ്ചാവ് കേരളത്തിൽ എത്തിക്കുകയും യുവാക്കളും വിദ്യാർത്ഥികളുമടക്കമുള്ള സ്വദേശികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വില്പന നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ടൗൺ എസ് ഐ ഗിരീഷ് കുമാർ, സീനിയർ സി പി ഒ ബിനിൽകുമാർ, സി. പി.ഒ മാരായ ജീതേന്ദ്രൻ, ദിപിൻ, സുബീഷ്, സിറ്റിക്രൈം സക്വാഡ് അംഗങ്ങളായ ഷാലു എം .സജേഷ് കുമാർ പി, സുജിത്ത് സി.കെ, നാർകോട്ടിക്ക് ഷാഡോ അംഗങ്ങളായ ഷിനോജ്, സരുൺകുമാർ, ഇബ്നു ഫൈസൽ, തൗഫീക്ക് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.