മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടന്ന മലപ്പുറം ജില്ലയിലെ ചുങ്കത്തറ പഞ്ചായത്ത് 14ാം വാർഡ് കളക്കുന്നും തുവ്വൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് അക്കരപ്പുറവും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് ഡിവിഷനും നിലനിർത്തി യു.ഡി.എഫ്.ചുങ്കത്തറ കളക്കുന്നിൽ യു.ഡി.എഫിലെ മുസ്‍ലിം ലീഗ് സ്ഥാനാർഥി കെ.പി. മൈമൂനയാണ് 109 വോട്ടുകൾക്ക് വിജയിച്ചത്. എൽ.ഡി.എഫിലെ റസീന നജീമിനെയാണ് പരാജയപ്പെടുത്തിയത്. പോൾ ചെയ്ത 740 വോട്ടുകളിൽ കെ.പി. മൈമൂന 421 വോട്ടുകൾ നേടിയപ്പോൾ റസീന സജീം 312 വോട്ടുകളാണ് നേടിയത്. റസീന സജീമിന്റെ അപര സ്ഥാനാർഥിക്ക് ഏഴ് വോട്ട് മാത്രമാണ് ലഭിച്ചത്. യു.ഡി.എഫ് അംഗമായി വിജയിച്ച എം.കെ. നജ്മുന്നീസ എൽ.ഡി.എഫിൽ ചേക്കേറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റാകുകയും പീന്നീട് ഇവരുടെ അംഗത്വം തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കുകയും ചെയ്തതോടെയാണ് ഉപതെരഞ്ഞെടുപ്പ് ഉണ്ടായത്. യു.ഡി.എഫ് വിജയിച്ചതോടെ 20 അംഗ ഭരണസമിതിയിൽ ഇരുപക്ഷത്തിനും തുല്യ അംഗബലമായി. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കെ.ടി. കുഞ്ഞാൻ എന്നിവരുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ ചുങ്കത്തറ ടൗണിൽ പ്രകടനം നടത്തി.
പെരിന്തൽമണ്ണ ബ്ലോക്ക് ചെമ്മാണിയോട് ഡിവിഷനിൽ വിജയിച്ച യു.ടി. മുൻഷിർ, തുവ്വൂർ പതിനൊന്നാം വാർഡ് അക്കരപ്പുറം വാർഡിൽ വിജയിച്ച തയ്യിൽ അയ്യപ്പൻപെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി മുസ്‍ലിം ലീഗിലെ യു.ടി. മുൻഷിർ 2864 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 1606 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. മുസ്‍ലിം ലീഗിലെ പാലത്തിങ്ങൽ ഉസ്മാൻ മരണപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മേലാറ്റൂർ ഗ്രാമ പഞ്ചായത്തിലെ ഏഴും കീഴാറ്റൂരിലെ രണ്ടും വാർഡുകൾ ഉൾപ്പെട്ടതാണ് ചെമ്മാണിയോട് ഡിവിഷൻ. സ്ഥാനാർഥികളുടെ വോട്ടുനില: യു.ടി. മുൻഷിർ (യു.ഡി.എഫ്) -5565, പുളിയക്കാട്ടിൽ അൻവർ (എൽ.ഡി.എഫ്) -2701, സജീഷ് മാരാർ (ബി.ജെ.പി) -174, അനീഷ് കൊല്ലാരൻ (സ്വതന്ത്രൻ) -318.
തുവ്വൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് അക്കരപ്പുറം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ മുസ്‍ലിം ലീഗ് സ്ഥാനാർഥി തയ്യിൽ അയ്യപ്പൻ 440 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പോൾ ചെയ്ത 1102 വോട്ടിൽ 771 വോട്ടാണ് അയ്യപ്പൻ നേടിയത്. ഇടതുമുന്നണി സ്ഥാനാർഥി കെ.വി സുധിൻ 331 വോട്ട് നേടി. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കെ. നിഷാന്ത് 159 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. നിഷാന്തിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.