ആഗ്ര: കഴിഞ്ഞ ആഴ്ച നടന്ന ഒരു അപകടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നത്. മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന സംഭവമായിരുന്നു അത്. അപകടത്തിൽ പെട്ടയാളെ രക്ഷിക്കുന്നതിന് പകരം കയ്യിലുള്ള പണം ജനക്കൂട്ടം കവര്‍ന്നു. സംഭവത്തിൽ മധ്യവയസ്കൻ ചികിത്സ കിട്ടാതെ റോഡിൽ കിടന്ന് മരിച്ചു. ഉത്തർപ്രദേശിലെ ആഗ്ര ഹൈവേയിലാണ് ദാരുണമായ സംഭവം. ആഗ്ര സ്വദേശിയായ വ്യവസായി ധര്‍മേന്ദ്ര ഗുപ്തയായിരുന്നു അപകടത്തിൽ പെട്ടത്. അമിത വേഗതയിലെത്തിയ ട്രക്ക് നിരവധി വാഹനങ്ങളിൽ ഇടിച്ചായിരുന്നു അപകടം നടന്നത്. അപകടസമയം സ്ഥലത്തെത്തിയ ആളുകൾ രക്ഷാപ്രവർത്തനം നടത്താതെ ഇയാളുടെ പണം കവരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഏറെ ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ചൊവ്വാഴ്ച ആഗ്ര-ദില്ലി ദേശീയപാതയിൽ അമിതവേഗതയിലെത്തിയ ട്രക്ക് 20 ഓളം വാഹനങ്ങളുമായി കൂട്ടിയിടിച്ച് വലിയ അപകടമുണ്ടാവുകയായിരുന്നു. അപകടത്തിൽ പാൽ വ്യാപാരിയായ ധർമേന്ദ്ര ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. മഥുരയിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ധർമേന്ദ്ര. ഇയാളുടെ കൈവശം ഒന്നരലക്ഷം രൂപയോളം പണമുള്ള ബാഗ് ഉണ്ടായിരുന്നതെന്ന് വീട്ടുകാർ പറയുന്നു.
ഈ പണമാണ് ധർമേന്ദ്രയുടെ ജീവൻ കവർന്നത്. സംഭവസ്ഥലത്തെത്തിയ ആളുകൾ ധർമേന്ദ്രയെ സഹായിക്കുന്നതിന് പകരം ഇയാളുടെ പണം കവർന്ന് സ്ഥലം വിടുകയായിരുന്നു. ധർമ്മേന്ദ്ര വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ പൊലീസാണ് ഇയാളുടെ തകർന്ന ബൈക്ക് റോഡരികിൽ കണ്ടെത്തിയത്. ഇതിന്റെ സമീപത്തായി ധർമ്മേന്ദ്ര പണം സൂക്ഷിച്ചിരുന്ന ബാഗ് കാലിയായി തുറന്ന് കിടക്കുകയായിരുന്നു. ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന പേഴ്‌സും നഷ്ടപ്പെട്ടതായി സഹോദരൻ മഹേന്ദ്ര പറഞ്ഞു.
പണം കവര്‍ന്നവര്‍ തന്റെ സഹോദരനെ ചികിത്സിക്കാൻ സഹായിച്ചിരുന്നെങ്കിൽ പണം പോയതിൽ പ്രശ്നമില്ലായിരുന്നു. അവര്‍ ധർമ്മേന്ദ്രയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കേണ്ടതായിരുന്നു എന്നും മഹേന്ദ്ര പറഞ്ഞു. 47 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്നത്. ഞായറാഴ്ച പ്രത്യക്ഷപ്പെട്ട വീഡിയോയിൽ, അപകടസ്ഥലത്തുള്ള ധർമ്മേന്ദ്രയുടെ ചുറ്റും നിൽക്കുന്ന ചില കാഴ്ചക്കാർ പണം പൊലീസിന് കൈമാറണോ, സ്വയം സൂക്ഷിക്കണോ, അതോ ഇയാളെ സഹായിക്കണോ എന്ന് ചർച്ച ചെയ്യുന്നത് കേൾക്കാം.
കുറച്ച് ആളുകൾ ‘ഉത്ത് ലോ, പൈസ ഊത് ലോ’ (പണം എടുക്കൂ) എന്ന് പറഞ്ഞ് സ്വന്തം ബാഗുകളിലേക്ക് പണം നിറയ്ക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മരിച്ചയാളുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും ആഗ്ര ഡിസിപി സൂരജ് കുമാർ റായ് പറഞ്ഞു.