തിരുവനന്തപുരം : ബസ് ചാർജ് വർധന ഇന്നലെ കൂടിയ മന്ത്രിസഭാ യോഗവും പരിഗണിച്ചില്ല. മന്ത്രി ആന്റണി രാജു ബെംഗളൂരുവിലേക്കു പോയ സാഹചര്യത്തിലാണ് മന്ത്രിസഭാ അജൻഡയിൽനിന്ന് ഇക്കാര്യം ഒഴിവാക്കിയത്. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് നിരക്കുകൾ പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടുമില്ല.
2020 ൽ കോവിഡ് സ്‌പെഷൽ നിരക്ക് എന്ന പേരിൽ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ബസുകളിൽ 25% താൽക്കാലിക അധിക നിരക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു പുറമേ വീണ്ടും നിരക്കുവർധന വേണോ അതോ 2018 ലെ നിരക്കിന്മേൽ വർധന നടപ്പാക്കിയാൽ മതിയോ എന്നു പരിശോധിക്കാനാണു സമിതിയെ നിയോഗിച്ചത്.കോവിഡ് കാല വർധനയ്ക്കു പുറമേയാണ് ബസ് ചാർജ് കൂട്ടുന്നതെങ്കിൽ നിയമപ്രശ്‌നങ്ങളുണ്ടാകും. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ഫെയർ സ്റ്റേജിന്റെ ദൂരപരിധി കോവിഡ് കാലത്ത് 5 കിലോമീറ്ററിൽനിന്ന് 2.5 കിലോമീറ്ററായി കുറച്ചിരുന്നു.