ടൊറന്‍റോ: യു. എസിലെ എച്ച്1 ബി വിസ കൈവശമുള്ളവർക്കായി കാനഡ പുതിയ ഓപ്പൺ വർക്ക് പെർമിറ്റ് പ്രഖ്യാപിച്ചു. ഇന്ത്യക്കാരായ ഐ. ടി പ്രഫഷനലുകൾക്ക് ഏറെ ഗുണകരമാകുന്ന കുടിയേറ്റ പദ്ധതിയാണിത്. എച്ച് 1 ബി വിസ കൈവശമുള്ളവരുടെ കുടുംബാഗങ്ങൾക്ക് രാജ്യത്ത് ജോലി ചെയ്യാനും പഠിക്കാനുമായി വിസ ലഭിക്കും. ഇതിനായി ‘വർക്ക് പെർമിറ്റ് സ്ട്രീം’ എന്ന പുതിയ വിസ സൃഷ്ടിക്കുമെന്ന് കുടിയേറ്റ മന്ത്രി ഷോൺ ഫ്രേസർ അറിയിച്ചു.
2023 ജൂലൈ 16 മുതലാണ് അപേക്ഷ ക്ഷണിക്കുന്നത്. അംഗീകൃത അപേക്ഷകർക്ക് മൂന്ന് വർഷം വരെ ഓപ്പൺ വർക്ക് പെർമിറ്റ് ലഭ്യമാകും. ഈ നടപടി ഒരു വർഷത്തേക്ക് അല്ലെങ്കിൽ ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ 10,000 അപേക്ഷകൾ സ്വീകരിക്കുന്നത് വരെ പ്രാബല്യത്തിൽ തുടരും.
ലോകത്തെ ഒന്നാംകിട ഐടി വിദഗ്ധർക്കെല്ലാം കാനഡയിൽ ജോലി ചെയ്യാൻ അവസരമൊരുക്കുന്ന പ്രത്യേക ഇമിഗ്രേഷൻ സ്ട്രീം ഈ വർഷം അവസാനത്തോടെ വികസിപ്പിച്ചെടുക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് ഫ്രേസർ അറിയിച്ചു. കോവിഡ് മഹാമാരിക്കു ശേഷം യു.എസിലെ ഐ. ടി രംഗത്ത് 2 ലക്ഷത്തിലേറെപ്പേരാണ് തൊഴിൽരഹിതരായത്, ഇതിൽ 40% ഇന്ത്യക്കാരാണ്.