മാനന്തവാടി : സംസ്ഥാന അനുപാതത്തിനനുസൃതമായി വയനാട് ജില്ലയിലും അർബുദരോഗികളുടെ എണ്ണം കൂടുന്നതായി മന്ത്രി വീണാ ജോർജ്. ജില്ലയിലെ അർബുദ രോഗികളുടെ എണ്ണത്തെ സംബന്ധിച്ച് ഒ.ആർ. കേളു എം.എൽ.എ.യുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. ജില്ലയിൽ പ്രതിവർഷം തുടർചികിത്സയിലുള്ള അർബുദരോഗികൾ 1100-നും 1200-നുമിടയിലാണ്. ഇതിനുപുറമേ പ്രതിമാസം ശരാശരി 20 മുതൽ 30 വരെ അർബുദകേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗോത്രവർഗക്കാർ ഉൾപ്പെടെയുള്ളവർക്കിടയിലുള്ള പുകയില ഉത്പന്നങ്ങളുടെ ഉപയോഗവുംമറ്റും അർബുദരോഗം വർധിക്കാൻ കാരണമാകുന്നതായി വിലയിരുത്തുന്നു. പെയിൻ ആൻഡ് പാലിയേറ്റീവ് പദ്ധതിയിൽ രജിസ്റ്റർചെയ്ത 2821 അർബുദരോഗികളാണ് ജില്ലയിലുള്ളത്.
പ്രാരംഭഘട്ടത്തിൽതന്നെ രോഗം കണ്ടെത്താൻ സാധിക്കുന്നത് ആശ്വാസമാണ്. സംസ്ഥാനതലത്തിൽ ഐ.സി.എം.ആറിന്റെ കീഴിൽ തൃശ്ശൂർ മെഡിക്കൽകോളേജിൽ എച്ച്.ബി.സി.ആർ. (ഹോസ്പിറ്റൽ ബേസ്ഡ് കാൻസർ രജിസ്ട്രി) അർബുദരോഗത്തെ സംബന്ധിച്ച് പഠനം നടത്തുന്നുണ്ട്. ഇതുപ്രകാരം പുരുഷന്മാരിൽ 23 ശതമാനംപേർക്ക് ശ്വാസകോശാർബുദവും 20 ശതമാനംപേർക്ക് ഹെഡ് ആൻഡ് നെക്ക് അർബുദവുമുണ്ട്. സ്ത്രീകളിൽ 35 ശതമാനം പേർക്ക് സ്തനാർബുദവും, 19 ശതമാനംപേർക്ക് ഗർഭാശയ അർബുദവും പത്തുശതമാനം പേർക്ക് ഉദരസംബന്ധമായ അർബുദവും കണ്ടുവരുന്നു. അർബുദ ചികിത്സയ്ക്കായി സംസ്ഥാനത്ത് 24 ആശുപത്രികളിൽ സംസ്ഥാന സർക്കാർ കീമോതെറാപ്പി ഉൾപ്പെടെയുള്ള പ്രാഥമിക അർബുദചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.