തൃക്കാക്കര : തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തിരക്കിട്ട കൂടിക്കാഴ്‌ച. കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുന്നു. കെ സുധാകരൻ, വി ഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ഇന്ദിരാ ഭവനിൽ കൂടിക്കാഴ്ച നടത്തുന്നു. യു ഡി എഫ് കൺവീനർ എം എം ഹസനും കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നു. നിലവിലെ സാഹചര്യമനുസരിച്ച് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകരുതെന്നാണ് നേതാക്കളുടെ ആവശ്യം. ഉമാ തോമസിന് പ്രഥമ പരിഗണന നൽകുന്ന രീതിയിലാണ് കാര്യങ്ങൾ. ഒറ്റപ്പേരിലേക്ക് സ്ഥാനാർത്ഥി പ്രഖ്യാപനം എത്തുന്നു എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഉമയുടെ പേരുമായി ബന്ധപ്പെട്ട് എതിർപ്പുകൾ പാർട്ടിയിൽ ഉണ്ടായിട്ടില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നോ നാളെയോ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും. ഇപ്പോൾ കെപിസിസി ആസ്ഥാനത്ത് നേതൃയോഗം പുരോഗമിക്കുകയാണ്. മറ്റ് ആളുകളുടെ പേരുകൾ സ്ഥാനാർത്ഥി പട്ടികയിലേക്ക് ഉയർന്നു വന്നിട്ടില്ല എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. തൃക്കാക്കരയിൽ പി.ടി.തോമസിന്റെ പിൻഗാമിയെ നാളെ തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഇന്ന് പ്രതികരിച്ചിരുന്നു. സിറ്റിങ് സീറ്റ് നിലനിർത്താൻ പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിന്റെ പേര് തന്നെയാണ് നേതൃത്വത്തിന്റെ മനസിൽ. അതേസമയം എല്ലാം പാർട്ടിയാണ് തീരുമാനിക്കുകയെന്ന് ഉമാ തോമസ് പറഞ്ഞു.